gail-protester

കോഴിക്കോട് ഉണ്ണികുളത്ത് ഗെയ്ല്‍ പൈപ്പ് സ്ഥാപിക്കുന്നതിനായി ഭൂമി വാങ്ങിയതിൽ അഴിമതിയെന്ന് ആരോപണം. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സമരസമിതി വിജിലന്‍സില്‍ പരാതി നല്‍കി. പാലംതലയ്ക്കല്‍ പാടശേഖരം മണ്ണിട്ട് മൂടുന്നതില്‍ പഞ്ചായത്ത് ഭരണസമിതി കൃഷിമന്ത്രിയ്ക്കും കലക്ടര്‍ക്കും കത്ത് നല്‍കി. 

പാലംതലയ്ക്കല്‍ ചതുപ്പിലെ ഒരു സെന്റ് ഭൂമിയ്ക്ക് നല്‍കിയ വിലയില്‍ മൂന്ന് സെന്റ് കരഭൂമി വാങ്ങാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. അടച്ചില്‍വയല്‍ പാടശേഖരം നികത്തുന്നതിനായി ബോധപൂര്‍വം കൂടിയ വിലനല്‍കി ഭൂമി കച്ചവടം നടന്നുവെന്നാണ് ആക്ഷേപം. നാട്ടുകാരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പ്രതികാരമെന്ന നിലയിലാണ് ഗെയ്‌ലിന്റെ നടപടി. 

പാടശേഖരം മണ്ണിട്ട് മൂടി പിഗ്ഗിങ് സ്റ്റേഷന്‍ നിര്‍മിക്കാനുള്ള നീക്കം എന്തുവില കൊടുത്തും തടയുമെന്നാണ് നാട്ടുകാരുടെ നിലപാട്. സമരസമിതി രാപ്പകല്‍ സമരത്തെക്കുറിച്ചും ആലോചിക്കുന്നുണ്ട്. നിരവധി കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന പദ്ധതി മാറ്റി സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന ആവശ്യമാണുള്ളത്. മരങ്ങള്‍ മുറിക്കാനുള്ള നീക്കം നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചു. 

അലൈന്‍മെന്റില്‍ മാറ്റം വേണമെന്ന ആവശ്യവുമായി സമരസമിതി വീണ്ടും കലക്ടറെ സമീപിച്ചിട്ടുണ്ട്. ഭൂമി വാങ്ങിയത് കൃത്യമായ മാനദണ്ഡം പാലിച്ചെന്ന് ഗെയ്‌ലിന്റെ നിലപാട്. ഇക്കാര്യത്തില്‍ ജനങ്ങളുടെ ആശങ്ക പൂര്‍ണമായും പരിഹരിക്കുമെന്നും ഗെയ്്ല്‍ അധികൃതര്‍ വ്യക്തമാക്കി.