റണ്‍വേ സുരക്ഷ മേഖല അഥവാ റിസയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കരിപ്പൂരില്‍ നിന്ന് ഹജ് സര്‍വീസ് പുനരാരംഭിക്കുമെന്ന് പ്രതീക്ഷ. നെടുമ്പാശേരിയില്‍ ഈ വര്‍ഷം താല്‍ക്കാലിക ഹജ് ഹൗസിന് സൗകര്യം ഇല്ലെന്ന് അറിയിച്ചതും കരിപ്പൂരിന്റെ സാധ്യത വര്‍ധിപ്പിച്ചു.

ജൂണ്‍ പാതിയോടെ റിസ നിര്‍മാണം പൂര്‍ത്തിയാകും. ഇതോടെ നിര്‍മാണത്തിന്റെ ഭാഗമായുളള റണ്‍വേ അടച്ചിടുന്ന നിയന്ത്രണവും അവസാനിക്കും. ജൂലൈ അവസാന വാരത്തിലാണ് കേരളത്തില്‍ നിന്നുളള ഹാജിമാരുടെ യാത്ര ആരംഭിക്കുക. റിസ നിര്‍മാണം പൂര്‍ത്തിയായാലുടന്‍ കരിപ്പൂരില്‍ നിന്ന് 300 പേര്‍ക്ക് സഞ്ചരിക്കാവുന്ന ഇടത്തരം വിമാനങ്ങള്‍ക്ക് സര്‍വീസ് ആരംഭിക്കാം. നെടുമ്പാശേരിയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഹജ് യാത്രക്കാര്‍ക്കായി ഉപയോഗപ്പെടുത്തിയിരുന്ന സ്ഥലം ഈ വര്‍ഷം ലഭ്യമല്ലെന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കരിപ്പൂരില്‍ നിന്ന് ഹജ് സര്‍വീസ് ആരംഭിക്കണമെന്ന് സംസ്ഥാന ഹജ് കമ്മിറ്റി പ്രധാനമന്ത്രിയെ കണ്ട് ആവശ്യപ്പെടും.

കരിപ്പൂര്‍ വഴി ഇടത്തരം വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വീസ് നടത്താന്‍ തയാറാണന്ന് എമിറേറ്റ്സ് , സൗദി എയര്‍ലൈന്‍സ് കമ്പനികള്‍ അറിയിച്ചിരുന്നു. കരിപ്പൂരില്‍ നിന്ന് സര്‍വീസ് നടത്തുന്നതിന് തടസമില്ലെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്്വി നിവേദക സംഘത്തെ അറിയിച്ചിട്ടുണ്ട്.