വരള്‍ച്ചയെ പ്രതിരോധിക്കാന്‍ നടപടികളുമായി പാലക്കാട് തൃത്താല ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലുടനീളം അരക്കോടി രൂപ ചെലവില്‍ നൂറ്റിപ്പത്തു കിണറുകളാണ് പുതിയതായി കുഴിക്കുന്നത്. തൊഴിലുറപ്പു തൊഴിലാളികളെ ഉപയോഗിച്ച് കുറഞ്ഞ ചെലവില്‍ കൂടുതല്‍ ജലസ്രോതസുകള്‍ ക്രമീകരിച്ച് കുടിവെളളക്ഷാമം പരിഹരിക്കുകയാണ് ലക്ഷ്യം.
ഉപയോഗശൂന്യമായ കിണറുകളും കുളങ്ങളും വൃത്തിയായി സൂക്ഷിക്കുക, തോടുകളും കുളങ്ങളും വൃത്തിയാക്കി എടുക്കുക, തോടുകൾ ഉൾപ്പെടെയുള്ള ജലസ്ത്രോതസ്സുകൾ സംരക്ഷിക്കുക എന്നീ ലക്ഷ്യത്തോടെ നാടൊന്നാകെ വരൾച്ചയെ പ്രതിരോധിക്കുകയാണ് തൃത്താലയിൽ. പഞ്ചായത്തിലെ പതിനേഴു വാർഡുകളിലായി 110 കിണറുകൾ പുതിയതായി കുഴിക്കും. ഇതിനോടകം ഇരുപതിയഞ്ച് കിണറുകളുടെ നിർമാണം ആരംഭിച്ചു.
വൻകിട കുടിവെള്ള പദ്ധതികൾക്ക് കോടികൾ ചിലവഴിക്കുന്നതിന് പകരമാണ് ഇത്തരം പ്രവർത്തനങ്ങൾ. തോടുകൾ വൃത്തിയാക്കുന്ന പ്രവർത്തികളും വരും ദിവസങ്ങളിൽ തുടരും. പഞ്ചായത്തിലെ ആറാം വാർഡായ തലയണപറമ്പിൽ പുതിയ കുളം നിർമാണവും ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്തിലെ 16 തോടുകളും നവീകരിക്കാനാണ് ഇപ്പോൾ തീരുമാനം.