beypreuru

കടലോളം പരന്ന ബേപ്പൂരിന്റെ ഉരുനിര്‍മാണ പെരുമയും പേറി പന്ത്രണ്ട് കോടി രൂപ മുടക്കി നിര്‍മ്മിച്ച ഉല്ലാസ നൗക  ഖത്തറിലേക്ക് യാത്ര തുടങ്ങി.ഖത്തറിലെ വ്യവസായിക്ക് വേണ്ടി പൂര്‍ണമായിട്ടും തേക്കില്‍ നിര്‍മ്മിച്ച  ഉരു ബേപ്പൂരില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും വലുതാണ്. 

ബേപ്പൂരിന്റെ ഉരുനിര്‍മാണ പെരുമയ്ക്ക് സാമൂതിരിയുടെ കാലത്തോളം പഴക്കമുണ്ട്. പഴമയിലെ ഈ പുതുമയ്ക്ക്  മകുടമാകുകയാണ് സബൂക്ക് ഇനത്തില്‍പെട്ട  ഉരു. രണ്ടു മാസം മുമ്പ് നീറ്റിലങ്ങിയ ഉരു ഇന്നലെയാണ് ഓളങ്ങളെ വെട്ടിച്ച് യാത്ര തുടങ്ങിയത്. ഖത്തറിലെ വ്യവസായ കുടുംബത്തിന് വേണ്ടിയാണ് 12 കോടി മുടക്കി, വര്‍ഷങ്ങള്‍ നീണ്ട അധ്വാനത്തിലൂടെ ഉരുവിനെ രൂപപെടുത്തിയെടുത്തത്. 

അകത്തളങ്ങളിലെ അലങ്കാരപണികള്‍ പൂര്‍ണമായിട്ടും ബേപ്പൂരില്‍ തന്നെ പൂര്‍ത്തിയാക്കിയ ആദ്യ ഉരുകൂടിയാണിത്.   മുകള്‍ ഭാഗത്ത് 140 അടിയും അടിഭാഗത്ത് 90 അടിയുമാണ് നീളം.ഇരുപത്തിരണ്ട് അടി നീളവും മുപ്പത് അടി വീതിയുമുള്ള ഉരുവിന് രണ്ടു തട്ടുകളുണ്ട്. 10 ദിവസത്തിനകം  ഖത്തറിലെത്തുന്ന ഉരു അവസാനവട്ട മിനുക്കുപണികള്‍ പൂര്‍ത്തിയാക്കി വിനോദസഞ്ചാര മേഖലയില്‍ ഉപയോഗിക്കും. തച്ചുശാസ്ത്ര വിദഗ്ധന്‍ പുഴക്കര രമേശന്റെ നേതൃത്വത്തില്‍ 30 തൊഴിലാളികള്‍ രണ്ടര കൊല്ലം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.