ശുചീകരിച്ച കോഴിക്കോട് കനോലി കനാലിലേക്ക് അനധികൃതമായി മലിനജലം ഒഴുക്കിവിടുന്നവര്‍ക്കെതിരെ നടപടി തുടങ്ങി. പത്ത് സ്ഥാപനങ്ങള്‍ക്ക് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കി. മുന്നറിയിപ്പ് അവഗണിച്ച് മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.
മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായിരുന്ന കനോലി കനാലിന്റെ നവീകരണം രണ്ട് മാസം മുന്‍പാണ് തുടങ്ങിയത്. നിരവധി സന്നദ്ധസംഘടനകളും വിദ്യാര്‍ഥികളും നവീകരണത്തില്‍ പങ്കാളിയായി. ആദ്യഘട്ടം പൂര്‍ത്തിയാക്കുന്നതിന് മുന്നോടിയായി കനാലിലേക്ക് സ്ഥാപിച്ചിരിക്കുന്ന മുഴുവന്‍ മലിനക്കുഴലുകളും നീക്കണമെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചിരുന്നു. അനുവദിച്ച സമയം കഴിഞ്ഞിട്ടും അലംഭാവം തുടരുന്ന സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്. നിയമലംഘനം നടത്തിയെന്ന് കണ്ടെത്തിയതില്‍ ഹോട്ടലുകളും ആശുപത്രിയും ഫ്ളാറ്റുകളും ഉള്‍പ്പെടുന്നുണ്ട്.
കേരള മുന്‍സിപ്പല്‍ ആക്ട് 340 എ, കേരള ഇറിഗേഷന്‍ ആന്‍ഡ് വാട്ടര്‍ കണ്‍സര്‍വേഷന്‍ ആക്ട്, വാട്ടര്‍ പ്രിവന്‍ഷ്യന്‍ കണ്‍ട്രോള്‍ ഓഫ് ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റം ചുമത്തിയിട്ടുള്ളത്. കുറ്റം തെളിഞ്ഞാല്‍ ഉടമസ്ഥര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും രണ്ട് ലക്ഷം വരെ പിഴയും ലഭിക്കും. ജലഗതാഗതത്തിനായി നിര്‍മിച്ച കനാലിലേക്ക് മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാന്‍ രഹസ്യക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. മുന്നറിയിപ്പ് അവഗണിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാഭരണകൂടവും അറിയിച്ചു.