തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ ചുമരില്‍ വരച്ച വാഗണ്‍ ദുരന്ത ചിത്രം നീക്കം ചെയ്തതിനു പിന്നാലെ വാഗണ്‍ ദുരന്ത വാര്‍ഷികത്തിന് ഇറക്കാന്‍ തീരുമാനിച്ച സ്പെഷല്‍ തപാല്‍ കവറിനും അനുമതി നിഷേധിച്ചതായി പരാതി. മലപ്പുറം ന്യൂമിസ്മാറ്റിക് സൊസൈറ്റിയുടെ തപാല്‍ കവറിനാണ് തപാല്‍ വകുപ്പ് അനുമതി നിഷേധിച്ചത്.
വാഗണ്‍ ദുരന്തത്തിന്റെ 97 ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് മലപ്പുറം ന്യൂമിസ്മാറ്റിക് സൊസൈറ്റി വാഗണ്‍ദുരന്ത സ്പെഷല്‍ തപാല്‍ കവറും ക്യാന്‍സലേഷന്‍ സീലും ഇറക്കാന്‍ തീരുമാനിച്ചത്. ഇതിനായി ആര്‍ട്ടിസ്റ്റ് നമ്പൂതിരി വരച്ച വാഗണ്‍ദുരന്ത ചിത്രം ഉപയോഗിച്ച് കവര്‍ ചിത്രം തയാറാക്കി തപാല്‍ വകുപ്പിനയച്ചു.തുടര്‍ന്ന് തപാല്‍ കവറിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ സമീപിച്ചപ്പോഴാണ് അനുമതി നിഷേധിച്ചതായി അറിഞ്ഞത്
റെയില്‍ സ്റ്റേഷന്‍ ചുമരില്‍ വരച്ച വാഗണ്‍ദുരന്തചിത്രം നീക്കം ചെയ്ത റയില്‍വേയുടെ നടപടി വിവാദത്തിലായിരുന്നു.ഇതാവാം സ്പെഷല്‍ തപാല്‍ കവറിന് അനുമതി നിഷേധിക്കാന്‍ കാരണമെന്നാണ് കരുതുന്നത്.അനുമതി നിഷേധിച്ചതെന്തുകൊണ്ടെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് തപാല്‍ വകുപ്പിന് വിവരാവകാശം നല്‍കാന്‍ ഒരുങ്ങുകയാണ് പരാതികാരന്‍..കൃത്യമായ ഉത്തരം ലഭിച്ചില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോവാനാണ് തീരുമാനം