വയനാട് നടവയലിനെ ഭീതിയിലാഴ്ത്തി കാട്ടാനകളുടെ വിളയാട്ടം തുടരുന്നു. വനം വകുപ്പിന്റെ പ്രതിരോധസംവിധാനങ്ങളെല്ലാം തകര്‍ത്താണ് കാട്ടാനകള്‍ ജനവാസകേന്ദ്രത്തില്‍ എത്തുന്നത്. ശാശ്വതമായ പരിഹാരമാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് ജനങ്ങള്‍.
പാതിരി സൗത്ത് സെക്ഷൻ വനാതിര്‍ത്തിയായ ചെക്കിട്ടയിൽ വർഷങ്ങൾക്ക് മുൻപ് നിർമിച്ച കല്‍മതിലാണ് കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം തകർത്തത്
നേരത്തെയും സമാനസംഭവങ്ങളുണ്ടായിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഈയിനത്തില്‍ വനംവകുപ്പിനുണ്ടായത്.
സമീപത്തെ കുളത്തില്‍ വെള്ളം കുടിക്കാന്‍ എത്തുന്ന കാട്ടാനകളാണ് ജനവാസകേന്ദ്രത്തിലേക്ക് കടക്കുന്നത്. ആദിവാസി കോളനികളും ഇതിനോട് ചേര്‍ന്നുണ്ട്. സന്ധ്യ മയങ്ങിയാല്‍ ആരും പുറത്തിറങ്ങാറില്ല. കാട്ടുകൊമ്പന്‍മാരുടെ മുന്നില്‍ നിന്നും നേരിയ വ്യത്യാസത്തിന് രക്ഷപ്പെട്ട കഥയാണ് പലര്‍ക്കും പങ്കുവെക്കാനുള്ളത്.
കൃഷിയിടത്തിലിറങ്ങുന്ന കാട്ടാനക്കൂട്ടം വന്‍നാശനഷ്ടങ്ങള്‍ വരുത്തിയാണ് മടങ്ങുക. കർഷകർ സ്ഥാപിച്ച വൈദ്യുത വേലിയും തകർക്കുന്നു. കാട്ടാനകള്‍ തകര്‍ത്ത മതിലുകള്‍ യുദ്ധകാലടിസ്ഥനത്തിൽ നിര്‍മ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.