koyilandy

ശാപമോക്ഷമില്ലാതെ കൊയിലാണ്ടി തീരദേശ പാത. കാപ്പാട് മുതല്‍ കൊയിലാണ്ടി ചുങ്കം വരെയുള്ള റോഡ് വികസനം ഏതാണ്ട് പൂര്‍ത്തിയായെങ്കിലും ഇതിനിടയിലുള്ള പൊയില്‍ക്കാവ് തീരത്തെ റോഡ് പൊട്ടിപൊളിഞ്ഞു കിടക്കുകയാണ്. മല്‍സ്യബന്ധന തുറമുഖ നിര്‍മാണത്തിന്‍റെ ഭാഗമായാണ് കൊയിലാണ്ടി– കാപ്പാട് തീരദേശ പാതയുടെ വികസനം നടപ്പാക്കിയത്.  

പൊയില്‍ക്കാവിലെ ഒരു കിലോമീറ്റര്‍ റോഡിന്‍റെ സ്ഥിതിയാണിത്. കടലാക്രമണത്തില്‍ തകര്‍ന്ന റോഡ് പഴയപടിയാക്കാന്‍ ഇതുവരെ അധികൃതര്‍ക്കായിട്ടില്ല. കാപ്പാട് മുതല്‍ ചുങ്കം വരെയുള്ള തീരദേശ റോഡ് ഗതാഗത യോഗ്യമാണെങ്കിലും പൊയില്‍ക്കാവിലെ ഈ ചെറിയ ഭാഗത്തെ യാത്ര തീര്‍ത്തും ദുരിതമയമായി. ഇതോടെ കാപ്പാട് മുതല്‍ ചുങ്കം വരെയുള്ള നല്ല റോഡിന്‍റെ പ്രയോജനം ആര്‍ക്കും ലഭിക്കാത്ത സ്ഥിതിയാണ്. 

ഏറ്റവും അധികം മല്‍സ്യതൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖല കൂടിയാണിത്. റോഡിന്‍റെ ശോച്യാവസ്ഥ ഇവരെയും ദുരിതത്തിലാക്കുന്നു. അറ്റകുറ്റപണി തീര്‍ത്ത് യാത്രായോഗ്യമാക്കിയാല്‍ സ്ഥിരമായി ഗതാഗത സ്തംഭനം ഉണ്ടാകുന്ന കൊയിലാണ്ടിയ്ക്ക് കോഴിക്കോട് നഗരത്തിലേയ്ക്കുള്ള ഒരു ബൈപ്പാസ് കൂടിയാകും ഈ റോഡ്.