nipha

നിപ ബാധയില്‍ മരിച്ച കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി രാജന്റെ കുടുംബത്തിന് കൂരയൊരുങ്ങുന്നത് ഒരു നാടിന്റെയാകെ പരിശ്രമത്തിലൂടെ. ഭൂമി സൗജന്യമായി നല്‍കിയതിനൊപ്പം വീടിന്റെ നിര്‍മാണച്ചെലവ് പൂര്‍ണമായും നാട്ടുകാര്‍ ഏറ്റെടുത്തു. രാജന്റെ അമ്മയും ഭാര്യയും രണ്ട് പെണ്‍മക്കളും അടുത്തമാസം അടച്ചുറപ്പുള്ള വീടിന്റെ സുരക്ഷയിലേക്ക് മാറും. 

രാജന്റെ നഷ്ടം നാലംഗ കുടുംബത്തിനെ പൂര്‍ണമായും തളര്‍ത്തി. പിന്നാലെയെത്തിയ പ്രളയം സ്വന്തമായുള്ള കൂരയുെട ഒരുവശം അടര്‍ത്തി. ചിറകറ്റ കുടുംബത്തിന് തറയൊരുക്കാന്‍ ആദ്യം മുന്നോട്ട് വന്നത് സാമൂഹ്യപ്രവര്‍ത്തകന്‍ ചായനാനിക്കല്‍ സി.കെ.പൗലോസ്.  ആനപ്പാറക്കലുള്ള നാല് സെന്റില്‍ ഇവര്‍ സുരക്ഷിതരായിരിക്കട്ടെയെന്ന് കരുതി. 

പിന്നാലെ ഒരു നാടാകെ കൈകോര്‍ത്തു. രാജന്‍ കുടുംബ സഹായ കമ്മിറ്റി രൂപീകരിച്ചു. ചിലര്‍ നിര്‍മാണസാധനങ്ങള്‍ സൗജന്യമായി നല്‍കി. പണമായും തൊഴില്‍ദിനങ്ങളിലൂടെയും സഹായിച്ചു. വൈകാതെ കോണ്‍ക്രീറ്റ് പൂര്‍ത്തിയാക്കി വീടൊരുങ്ങും. 

 ഒറ്റപ്പെടുന്നവരെ ഇങ്ങനെയും ചേര്‍ത്തുനിര്‍ത്താമെന്ന് തെളിയിക്കുകയാണിവര്‍. അതിജീവനത്തിന്റെ ആദ്യപാഠത്തിനൊപ്പം നന്‍മ മരങ്ങളുടെ കാവലും രാജന്റെ കുടുംബത്തിന് കരുതലാകും.