nadukani-web

നാടുകാണി ചുരത്തിൽ വീണ്ടും ഗതാഗത നിരോധനം ഏർപ്പെടുത്തിയതോടെ യാത്രക്കാർ ദുരിതത്തിലായി. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ തടസങ്ങൾ നീക്കിയെങ്കിലും റോഡിന് സുരക്ഷയില്ലെന്ന കണ്ടെത്തലിനെ തുടർന്ന് ഗതാഗതം നിരോധിച്ചത്.

കഴിഞ്ഞ ഓഗസ്റ്റ് 8 നുണ്ടായ ഉരുൾപൊട്ടലിൽ ചുരത്തിൽ വിവിധയിടങ്ങളിലായി കൂറ്റൻ പാറകളും മണ്ണും അടിഞ്ഞാണ് ഗതാഗതം നിലച്ചത്. തേൻപാറ ഭാഗത്ത് രണ്ടാഴ്ചയോളം സ്ഫോടനം നടത്തിയാണ് പാറകൾ പൊട്ടിച്ചു മാറ്റാനായത്. തടസ്സങ്ങൾ നീങ്ങി ചെറുവാഹനങ്ങൾ കടത്തി വിട്ടതിനു ശേഷമാണ് ജാറത്തിനു സമീപം റോഡ് ഇടിഞ്ഞ ഭാഗത്ത് അപകട ഭീഷണിയുള്ളതായി മരാമത്ത് റോഡ്സ് വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ ജി.ഗീതയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്.

ഇതോടെ ഗതാഗതം നിരോധിച്ച് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.‌ റോഡ് സുരക്ഷ സംബന്ധിച്ച് വിദഗ്ധ സംഘത്തെ പഠനത്തിന് നിയോഗിച്ചിട്ടുണ്ട്. പഠന റിപ്പോർട്ടിനെ അടിസ്ഥാനമാക്കി പുനർനിർമാണം നടത്തിയതിനു ശേഷം മാത്രമേ റോഡ് തുറക്കുവെന്ന് അധികൃതർ പറയുന്നു.  അനിശ്ചിതകാലത്തേക്ക് ചുരംറോഡ് അടച്ചിടാനുളള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ജാറത്തിനു സമീപം അപകടഭീഷണിയുളള സ്ഥലത്ത്് റോഡ് ബലപ്പെടുത്തി വാഹനം കടത്തി വിടാന്‍ നടപടി സ്വീകരിക്കണമെന്നാണാവശ്യം.