Mokeri-27

കോഴിക്കോട് കുറ്റ്യാടി മൊകേരി ശ്രീധരന്‍ വധക്കേസില്‍ പ്രാഥമിക വാദം പൂര്‍ത്തിയായി. ഭാര്യയും ബംഗാള്‍ സ്വദേശിയായ കാമുകനും മാതാവും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് ശ്രീധരനെ കൊലപ്പെടുത്തിയെന്നാണ് കേസ്. 2017 ജൂലൈ എട്ടിന് രാത്രിയാണ് കൊലപാതകം നടന്നത്.

ഒന്നാംപ്രതി പരിമള്‍ നല്‍കിയ മരുന്ന് രണ്ടാംപ്രതി ശ്രീധരന്റെ ഭാര്യ ഗിരിജയും മാതാവ് ദേവിയും ചേര്‍ന്ന് ആഹാരത്തില്‍ കലക്കി ശ്രീധരന് നല്‍കി. ശ്രീധരന്‍ മയക്കത്തിലായതോടെ പരിമളിനെ വിളിച്ചുവരുത്തി. തുടര്‍ന്ന് തോര്‍ത്ത് ഉപയോഗിച്ച് കഴുത്ത് മുറുക്കി തലയിണ കൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍. ഹ‍ൃദയാഘാതമാണെന്ന് നാട്ടുകാരെയും ബന്ധുക്കളെയും തെറ്റിധരിപ്പിച്ചാണ് മ‍ൃതദേഹം മറവ് ചെയ്തത്. ഗിരിജയും പരിമളും തമ്മിലുണ്ടായിരുന്ന ബന്ധത്തില്‍ നാട്ടുകാര്‍ക്ക് തോന്നിയ സംശയങ്ങളാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിയാന്‍ കാരണമായത്. സൗജന്യ നിയമസഹായത്തിനായി പരിമളിന് കോടതി അഭിഭാഷകനെയും നല്‍കിയിരുന്നു. 

കൊലപാതകം നടക്കുന്നതിന്റെ ഒന്നരവര്‍ഷം മുന്‍പാണ് ശ്രീധരന്റെ വീടുനിര്‍മാണത്തിനായി പരിമളെത്തിയത്. കൊലയ്ക്ക് ശേഷം ജില്ല വിട്ടുപോയ ഈയാളെ ഗിരിജവഴി പൊലീസ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഈ ബന്ധത്തിന് ശ്രീധരന്‍ തടസമായതാണ് കൊലയ്ക്ക് കാരണം. കേസില്‍ അറുപത്തിനാല് സാക്ഷികളാണുള്ളത്. കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോര്‍ത്ത് പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ തുടങ്ങിയ തെളിവുകളും പൊലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.