തിരൂര്‍ റയില്‍വേ സ്റ്റേഷനില്‍ പുതിയ ടിക്കറ്റ് കൗണ്ടര്‍ ആരംഭിക്കാനുള്ള നടപടികള്‍ ഇഴയുന്നു. സ്റ്റേഷന്‍റെ പിന്‍ഭാഗത്തായി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിര്‍മിക്കാന്‍ പദ്ധതിയിട്ട കൗണ്ടറാണ് യാഥാര്‍ഥ്യമാകാത്തത്. ഇതോടെ മാര്‍ക്കറ്റ്, ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നുള്ള യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത് .
2 മാസത്തിനകം ബസ് സ്റ്റാന്‍ഡ് ഭാഗത്ത് റെയില്‍വേ ടിക്കറ്റ് കൗണ്ടര്‍ സ്ഥാപിക്കുമെന്നായിരുന്നു റെയില്‍വേയില്‍ നിന്നും നഗരസഭയ്ക്ക് ലഭിച്ച ഉറപ്പ്. പക്ഷേ, ഉറപ്പ് ലഭിച്ച് നാല് മാസം പിന്നിട്ടിട്ടും കൗണ്ടര്‍ നിര്‍മാണത്തിനായുള്ള കല്ലുകളെത്തിക്കാന്‍ പോലും റെയില്‍വേ അധികൃതര്‍ക്കായിട്ടില്ല. 5 മാസം മുന്‍പ് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി വിളിച്ച ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് കൗണ്ടര്‍ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നറിയിച്ചത്. ഇതിന് ആവശ്യമായ ഫണ്ട് അനുവദിച്ചെന്നും നഗരസഭയുടെ സ്ഥലം വൃത്തിയാക്കി നിര്‍മാണം വേഗത്തില്‍ ആരംഭിക്കുമെന്നും അന്ന് അറിയിച്ചിരുന്നു.
ബസ് സ്റ്റാന്‍ഡ് ഭാഗത്തുനിന്നെത്തുവര്‍ മറുവശത്തെത്തി ടിക്കറ്റെടുക്കാന്‍ പാളം മുറിച്ചുകടക്കുന്നതും ഇവിടെ പതിവ് സംഭവമാണ്.