വയനാട് കേണിച്ചിറ അരിമുളയിൽ  പ്രളയത്തിൽ വീടു നഷ്ടപ്പെട്ട അഞ്ചു ആദിവാസി കുടുംബങ്ങളുടെ പുനരധിവാസം വൈകുന്നു.  കുടുംബങ്ങൾ  വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്തി. 

2018 ലെ പ്രളയത്തിലാണ് ആദിവാസികുടുംബങ്ങളുടെ വീടും സ്ഥലവും നഷ്ടപ്പെട്ടത്. കോഫീ ബോർഡിന്‍റെ ഗോഡൗണിലാണ് കുടുംബങ്ങൾ കഴിഞ്ഞത്.  വീട് നിർമ്മിക്കാൻ കണ്ടുവെച്ച ഭൂമി ഏറ്റെടുക്കുന്നതിലെ പ്രശ്നങ്ങളാണ് പുനരധിവാസം വൈകിച്ചത്. ഉദ്യോഗസ്ഥരെയാണ് കുടുംബങ്ങൾ കുറ്റപ്പെടുത്തുന്നത്. 

സമരത്തിന് പിന്നാലെ പഞ്ചായത്ത് അധികൃതരും തഹസിൽദാരും ചർച്ച നടത്തി ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചു. കണ്ടു വെച്ച സ്ഥലത്തിന് ഉടമ വില കുറക്കാത്തതാണ് ഏറ്റെടുക്കുന്നത് വൈകാൻ കാരണമായി ഉദ്യോഗസ്ഥർ പറയുന്നത്. ഇനി നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്നാണ് കുടുംബങ്ങളുടെ പ്രതീക്ഷ.