കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുളള തിരഞ്ഞെടുപ്പ് നീളുന്നു. കാനത്തില്‍ ജമീല രാജിവച്ച ഒഴിവിലേക്ക് പ്രമുഖരായ വനിതകളെ മല്‍സരിപ്പിച്ച് ജയിപ്പിക്കാനുള്ള സിപിഎം ശ്രമമാണ് അനിശ്ചിതത്വത്തിന് കാരണം. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഉപതിരഞ്ഞെടുപ്പ് തീയതി ഇനിയും നീണ്ടാല്‍ താല്‍കാലിക അധ്യക്ഷയെ തീരുമാനിക്കേണ്ടിവരും.
കൊയിലാണ്ടി എം.എല്‍.എയായി കാനത്തില്‍ ജമീല മാറിയതോടെയാണ് കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ അധ്യക്ഷയുടെ ഒഴിവുവന്നത്. പ്രസിഡന്റ് രാജിവച്ച് ഒന്നരമാസം കഴിഞ്ഞെങ്കിലും നിലവിലെ അംഗങ്ങളില്‍ നിന്നൊരു അധ്യക്ഷയെ കണ്ടെത്താന്‍ സിപിഎമ്മിന് താല്‍പര്യം കുറവാണ്. കാനത്തില്‍ ജമീല മല്‍സരിച്ച നന്മണ്ട ഡിവിഷനില്‍ പ്രമുഖരായ രണ്ടു വനിതാനേതാക്കളില്‍ ആരെയെങ്കിലും മല്‍സരിപ്പിക്കാനാണ് പാര്‍ട്ടിയില്‍ ആലോചന. മുന്‍ എം.എല്‍എയും സിപിഎം ജില്ലാസെക്രട്ടറി പി.മോഹനന്റെ ഭാര്യയുമായ കെ.കെ.ലതിക, മുന്‍ എം.പി പി.സതീദേവി എന്നിവരാണ് പട്ടികയില്‍. എന്നാല്‍ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നീണ്ടതോടെ സിപിഎം പ്രതിസന്ധിയിലാണ്. സ്ഥിരംസമിതി അധ്യക്ഷമാരായതിനാല്‍ ജില്ലാപഞ്ചായത്ത് അംഗങ്ങളായ ഷീജ ശശി, കെ.വി റീന എന്നിവരെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാധ്യത കുറവാണ്. അങ്ങനെവന്നാല്‍ താല്‍കാലികമായി ഒരു പ്രസിഡന്റിനെ തീരുമാനിച്ചശേഷം പിന്നീട് രാജിവെയ്പ്പിക്കലാവും ലക്ഷ്യം. നിലവില്‍ വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദനാണ് പ്രസിഡന്റിന്റെ ചുമതല. ചട്ടമനുസരിച്ച് അധികകാലം നീട്ടിക്കൊണ്ടുപോകാനാകില്ല. അതേസമയം പാര്‍ട്ടിയില്‍ മറ്റ് ആലോചനകള്‍ ഒന്നുംനടക്കുന്നില്ലെന്നും വരണാധികാരി സമയം നിശ്ചയിച്ചാല്‍ പുതിയ പ്രസിഡന്റിനെ മല്‍സരിപ്പിക്കാന്‍ പാര്‍ട്ടി തയ്യാറാണെന്നും സിപിഎം കോഴിക്കോട് ജില്ലാസെക്രട്ടറി പിമോഹനനന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫിന് 18ഉം യുഡിഎഫിന് ഒന്‍പതും സീറ്റുകളാണുള്ളത്.