കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടി വയനാട്ടിലെ വനാതിര്‍ത്തി ഗ്രാമങ്ങള്‍. ബത്തേരി തോട്ടാമൂലയില്‍ ഏക്കര്‍ കണക്കിന് കൃഷിയാണ് ആനക്കൂട്ടം ദിവസവും നശിപ്പിക്കുന്നത്. വനാതിര്‍ത്തികളില്‍ പേരിന് മാത്രം സ്ഥാപിച്ച പ്രതിരോധസംവിധാനങ്ങള്‍ നോക്കുക്കുത്തിയാണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
മഴക്കാലത്ത് ആനയിറങ്ങുന്നത് പതിവാണെങ്കിലും ഇത്രയധികം കൃഷിനാശം ഇതാദ്യമെന്ന് കര്‍ഷകര്‍ പറയുന്നു. വീടുകളുടെ മുന്‍പില്‍വരെ ആനയെത്തി. കര്‍ണാടക വനത്തില്‍നിന്ന് തുരത്തിയ കൊമ്പന്‍മാരാണെന്നാണ് സംശയം. ചെറുവിളകള്‍ക്ക് പുറമേ കവുങ്ങും തെങ്ങും വരെ വ്യാപകമായി കുത്തിമറിച്ചിടുകയാണ്. വനാതിര്‍ത്തികളിലെ പ്രതിരോധ സംവിധാനങ്ങള്‍ നോക്കുക്കുത്തിയാണ്. വൈദ്യുതി വേലികള്‍ നിഷ്പ്രയാസം തകര്‍ത്താണ് ആനക്കൂട്ടം കാടിറങ്ങുന്നത്. ശാസ്ത്രീയപ്രതിരോധ സംവിധാനങ്ങളുടെ അഭാവം ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നു.
മുത്തങ്ങയിലെ കുങ്കിയാനകളെ ഉപയോഗിച്ച് കൊമ്പന്‍മാരെ തുരത്താന്‍ ശ്രമിക്കുന്നുണ്ട് വനംവകുപ്പ്. പകല്‍സമയത്ത് വനപാലകരുടെ സാന്നിധ്യത്തില്‍ ഉള്‍വനത്തിലേക്ക് കാട്ടാനകളെ തുരത്തുന്നുണ്ടെങ്കിലും വീണ്ടും മടങ്ങിയെത്തുകയാണ്. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരമില്ലാത്തതിനാല്‍ തീരാദുരിതത്തിലാണ് തോട്ടാമൂല ഉള്‍പ്പടെയുള്ള വയനാടന്‍ വനാതിര്‍ത്തി ഗ്രാമങ്ങളിലെ കര്‍ഷകര്‍.