അരിക്കൊമ്പനെ കാടിറക്കി കാട് കയറ്റുമ്പോള്‍ വാളയാറിനോട് ചേര്‍ന്നുള്ള നവക്കരയില്‍ റെയില്‍വേ പാത മാറ്റിയാണ് ആനക്കൂട്ടത്തിന് കാട്ടിലേക്കുള്ള സഞ്ചാരപാത ഒരുക്കുന്നത്. ട്രെയിന്‍ തട്ടി ആന ചരിയുന്നത് ഒഴിവാക്കാന്‍ പതിനാറ് കോടി ചെലവിലാണ് പാലക്കാട്‍ ഡിവിഷന് കീഴില്‍ രണ്ട് അടിപ്പാതകള്‍ നിര്‍മിക്കുന്നത്. പണി പൂര്‍ത്തിയായാല്‍ ആനക്കൂട്ടത്തിന് ജീവഹാനിയുണ്ടാകാതെ ട്രെയിനിന്റെ വേഗത പേടിക്കാതെ സഞ്ചരിക്കാനാവും.
വാളയാറിനും എട്ടിമടയ്ക്കുമിടയില്‍ ബി ട്രാക്കില്‍ ഇരുപത് കിലോമീറ്ററാണ് ട്രെയിനിന്റെ ഇപ്പോഴത്തെ വേഗത. സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായുള്ള കരുതല്‍. ഒന്നര വര്‍ഷത്തിനിടെ ഏഴ് ആനകളാണ് ഈ പാതയില്‍ ട്രെയിന്‍ ഇടിച്ച് ചരിഞ്ഞത്. ഇനിയൊരു അത്യാഹിതത്തിന് ഇടയാവരുതെന്ന് കണ്ടാണ് റെയില്‍വേ ഇത്തരത്തിലൊരു കരുതല്‍ പദ്ധതിക്ക് രൂപം നല്‍കിയത്. രണ്ടിടങ്ങളില്‍ അടിപ്പാത. ആനക്കൂട്ടത്തിന് പൂര്‍ണ സ്വാതന്ത്ര്യത്തോടെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിക്കാം. കാടിന് നടുവിലെ റെയില്‍പ്പാതയിലൂടെ ചൂളം വിളിച്ചെത്തുന്ന വണ്ടിയെ പേടിക്കാതെ.
മൂന്ന് മാസം മുന്‍പ് തുടങ്ങിയ ഒന്നാം അടിപ്പാതയുടെ നിര്‍മാണം രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. ഇതിന് പിന്നാലെ രണ്ടാമത്തേതിന്റെയും പണി തുടങ്ങും. ഇതോടെ വാളയാറിനും കോയമ്പത്തൂരിനുമിടയില്‍ ട്രെയിനുകള്‍ക്കുള്ള വേഗനിയന്ത്രണം ഒഴിവാക്കാന്‍ കഴിയും. പദ്ധതി ഫലപ്രദമാകുമെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍.
The railway line has been replaced at Navakara to provide a route for the elephant herd to the forest