athirappillyattack-25

അതിരപ്പിള്ളി വൈശേരിയില്‍ കാട്ടാനക്കൂട്ടം കവുങ്ങിന്‍തോട്ടം നശിപ്പിച്ചു. കുലച്ച വാഴകളും കാട്ടാനകള്‍ നിലംപരിശാക്കി. പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു മൂന്നു കൊമ്പന്‍മാരും അമ്മയും കുഞ്ഞുമടങ്ങിയ കാട്ടാനക്കൂട്ടത്തിന്‍റെ വരവ്.  കൃഷിയിടത്തിനു ചുറ്റുമുള്ള കമ്പിവേലി തകര്‍ത്താണ് ആനകള്‍ അകത്ത് കയറിയത്. പ്രദേശത്ത് രാത്രി മുഴുവന്‍ തമ്പടിച്ച ആനകള്‍ കവുങ്ങുകളും സമീപത്തെ തീറ്റപ്പുല്‍ കൃഷിയും നശിപ്പിച്ചു. 

രാത്രി പത്തു മണിയോടെ ജനവാസ മേഖലയിലേക്ക് ഇറങ്ങിയ ആനകളെ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് കാടുകയറ്റുകയായിരുന്നു. പുലര്‍ച്ചെയോടെ വീണ്ടുമെത്തിയാണ് വ്യാപകമായി ആനകള്‍ കൃഷി നശിപ്പിച്ചത്.