ശമ്പള കുടിശികയെ തുടർന്നു ജീവനക്കാർ കൂട്ട അവധിയെടുത്തതോടെ സാംസ്കാരിക വകുപ്പിനു കീഴിലെ ഒറ്റപ്പാലം ലക്കിടി കുഞ്ചൻ നമ്പ്യാർ സ്മാരകം അടച്ചു. സ്മാരകത്തിലെ രണ്ട് സ്ഥിരം ജീവനക്കാരും സ്മാരകത്തിനു കീഴിലെ കലാപീഠം അധ്യാപകരായ ഏഴുപേരും കൂട്ട അവധിയിലാണ്. ആദ്യമായാണ് ശമ്പള പ്രതിസന്ധിയില്‍ സ്മാരകത്തിന് പൂട്ട് വീഴുന്നത്.
ജീവനക്കാർക്ക് പതിനൊന്ന് മാസത്തെയും കലാപീഠത്തിലെ ഏഴ് അധ്യാപകർക്ക് പതിനാറ് മാസത്തെയും ശമ്പളമാണു കുടിശിക. യാത്രാചെലവിനു പോലും പണമില്ലെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കാണിച്ചാണു ജീവനക്കാർ ഭരണസമിതിക്ക് അവധി അപേക്ഷ നൽകിയത്. സർക്കാരിൽ നിന്നുള്ള സ്പെഷൽ ഗ്രാന്റുകള്‍ വിനിയോഗിച്ചാണു ജീവനക്കാർക്കു ശമ്പളം നൽകാറുള്ളത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സർക്കാർ ഗ്രാന്റ് പ്രതിസന്ധിയിലാണ്. മഹാകവി കുഞ്ചൻ നമ്പ്യാരുടെ ജൻമഗൃഹമാണ് ലക്കിടി കലക്കത്ത് കുഞ്ചൻ നമ്പ്യാർ സ്മാരകം. ഇതിനു കീഴിൽ 2008 ൽ തുടങ്ങിയ കലാപീഠത്തിൽ തുള്ളൽ, മൃദംഗം, മോഹിനിയാട്ടം, ശാസ്ത്രീയ സംഗീതം എന്നിവയിലാണു കലാപഠനം. വിദ്യാർഥികളുടെ പഠനം പൂർണമായി മുടങ്ങിയ സാഹചര്യമാണ്. സ്മാരകം അടച്ചത് സന്ദർശകർക്കും തിരിച്ചടിയാണ്.
സർക്കാരിൽ സമ്മർദം ചെലുത്തി ഗ്രാന്റ് ലഭ്യമാക്കി പ്രതിസന്ധി പരിഹരിക്കുമെന്നാണ് ഭരണസമിതിയുടെ നിലപാട്. കെ.പ്രേംകുമാർ എംഎൽഎ ഉൾപ്പെടെയുള്ളവർ ഭരണസമിതി അംഗങ്ങളാണ്.
lakkidi kunjan nambiar memorial closed