pig-shoot-palakkad

പാലക്കാട് ചാലിശ്ശേരിയിൽ നിരന്തരം കൃഷി നശിപ്പിച്ചിരുന്ന കാട്ടുപന്നികളെ വെടിയുതിർത്ത് പിടികൂടി. കർഷകരുടെ പരാതിയെത്തുടർന്ന് പ്രത്യേക പരിശീലനം ലഭിച്ച സംഘമാണ് ആറ് പന്നികളെ കൊന്നത്. ഹെക്ടർ കണക്കിന് കൃഷിയാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ പന്നിക്കൂട്ടം നശിപ്പിച്ചത്.  ആയിരങ്ങൾ മുടക്കി നിർമിച്ച താൽക്കാലിക വേലി ഉൾപ്പെടെ തച്ച് തകർത്തതോടെ കർഷകരുടെ പ്രതിരോധ മാർഗമെല്ലാം വിഫലമായിരുന്നു. 

ഒരുവർഷത്തിനിടെ ആലിക്കര സ്വദേശിയായ കർഷകൻ രാജുവിന് കാട്ടുപന്നിയുടെ ആക്രമണത്തിൽ എല്ലിന് സാരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് കർഷകർ പോംവഴി തേടി പഞ്ചായത്ത് അധികൃതരെ സമീപിച്ചത്.

കഴിഞ്ഞ ദിവസം ആദ്യഘട്ടമെന്ന നിലയിൽ  മൂന്നാം വാർഡ് കിഴക്കെ പട്ടിശേരി പാടശേഖര സമിതിയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ സ്വദേശി അലിയാണ് ദൗത്യം തുടങ്ങിയത്. പതിനഞ്ചിലധികം വരുന്ന സംഘം ആറ് കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. പ്രത്യേകം പരിശീലനം നേടിയ അഞ്ച് നായ്ക്കളും ദൗത്യത്തിലുണ്ടായിരുന്നു. കൊന്ന പന്നികളെ അതേ വാർഡിൽ തന്നെ സംസ്കരിച്ചു. ഇതിനായി കാൽലക്ഷത്തോളം രൂപ കർഷകർ സ്വന്തം നിലയിലാണ്  വേട്ടക്കാർക്ക്  നൽകിയത്. ചാലിശേരി പഞ്ചായത്തും കൃഷിഭവൻ അധികൃതരും കർഷകർക്ക് പിന്തുണയും നൽകി. 

palakkad farmers killed wild boar