ഒറ്റപ്പാലം അനങ്ങൻമല പ്രദേശത്തെ കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനത്തെച്ചൊല്ലി പ്രതിഷേധം കനക്കുന്നു. കോൺഗ്രസ് ഉപവാസ സമരവും സിപിഎം ധർണയും നടത്തി. മലയോരത്തെ പനമണ്ണ യുപി സ്കൂൾ വിദ്യാർഥികൾ സബ് കലക്ടറെ നേരിൽക്കണ്ടു പ്രതിഷേധമറിയിച്ചു. അനങ്ങൻമലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും സർക്കാർ കരിങ്കൽ മാഫിയകൾക്കു കൂട്ടുനിൽക്കുകയാണെന്ന് ആരോപിച്ചുമായിരുന്നു കോൺഗ്രസിന്‍റെ ഉപവാസ സമരം. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് എൻ.കെ ജയരാജൻ അധ്യക്ഷനായി. പരിസ്ഥിതി പ്രവർത്തകൻ രാജേഷ് അടയ്ക്കാപുത്തൂർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ക്വാറി അടച്ചു പൂട്ടണമെന്നും ആവശ്യപ്പെട്ടായിരുന്നു വരോട് നാലാംമൈലിൽ സിപിഎം സമരം. പാർട്ടി ഒറ്റപ്പാലം ഏരിയാ സെക്രട്ടറി എസ്.കൃഷണദാസ് ഉദ്ഘാടനം ചെയ്തു.
നഗരസഭ കൗൺസിലർ എം അക്ബർ അലി അധ്യക്ഷനായി. ക്വാറി പൂട്ടാൻ നടപടി ആവശ്യപ്പെട്ട് പനമണ്ണ യുപി സ്കൂൾ വിദ്യാർഥികൾ സബ് കലക്ടറെ നേരിൽക്കണ്ടു. പാരിസ്ഥിതിക പ്രശ്‌നങ്ങൾ വിശദമായി പരാമർശിക്കുന്ന ഭീമഹർജി പരിസ്ഥിതി ക്ലബ് അംഗങ്ങൾ കൈമാറി. പ്രശ്നത്തിൽ സാധ്യമായ രീതിയിൽ ഇടപെടാമെന്ന് സബ് കലക്ടർ ഉറപ്പു നൽകി.