TOPICS COVERED

മലപ്പുറം വണ്ടൂരിൽ വാട്ടർ അതോറിറ്റി അധികൃതർ  ശ്മശാന ഭൂമി കയ്യേറി  നിർമ്മാണ പ്രവർത്തികൾ തുടങ്ങിയതായി ആരോപണം. ശ്മശാന ഭൂമി നിരത്തി ഒന്നര ഏക്കർ സ്ഥലത്താണ് ജെസിബി ഉപയോഗിച്ച് നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചതായി നാട്ടുകാർ പറയുന്നത്. 

ശ്മശാനമിരിക്കുന്ന ഭൂമി വാട്ടർ അതോറിറ്റി മണ്ണിട്ടു നികത്തി അഞ്ചു ദിവസങ്ങൾക്ക് ശേഷമാണ് ഭൂമിയുടെ കൈവശക്കാർ വിവരമറിയുന്നത്. കൈവശക്കാർ അറിയാതെ ഭൂമി മണ്ണിട്ട് നികത്തിയതിൽ പ്രദേശത്ത് വലിയ ജനരോക്ഷമാണ് ഉയരുന്നത്. വാട്ടർ അതോറിറ്റിയുടെ നടപടിക്കെതിരെ പട്ടികജാതി ക്ഷേമ സമിതി വണ്ടൂർ ഏരിയ കമ്മിറ്റി വാട്ടർ അതോറിറ്റി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. 

2023 വാട്ടർ അതോറിറ്റി ക്ക്‌ ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി ഒന്നരയേക്കർ സ്ഥലം അനുവദിച്ചിട്ടുണ്ടെന്നാണ് വാട്ടർ അതോറിറ്റി അധികൃതരുടെ വാദം. ഇതുപ്രകാരമാണ് ജലജീവൻ മിഷന്റെ ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ പ്രദേശത്ത് ആരംഭിച്ചതെന്നും ഇവർ പറയുന്നു. ജെസിബി ഉപയോഗിച്ച് ഭൂമി നിരപ്പാക്കുന്നതിനിടയാണ് മൃതദേഹം അടക്കം ചെയ്തത് ശ്രദ്ധയിൽപ്പെട്ടതെന്നും ഇതേത്തുടർന്ന് പ്രവർത്തനം നിർത്തിവെച്ചെന്നും അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞു. 326 കോടി രൂപയാണ് പദ്ധതിക്കായി വകയുത്തിയിട്ടുള്ളത്. അതേസമയം 2023 വാട്ടർ അതോറിറ്റിക്ക് സ്ഥലം അനുവദിച്ചിട്ടുണ്ടെങ്കിലും പ്രവർത്തകനുമതി മാത്രമാണ് നൽകിയിട്ടുള്ളതെന്നും സ്ഥലം അളന്നു തിട്ടപ്പെടുത്തി അതിനു തിരിച്ചു നൽകിയിട്ടില്ലെന്നും വണ്ടൂർ വില്ലേജ് അധികൃതർ പറഞ്ഞു. 

ENGLISH SUMMARY:

It is alleged that the Water Authority officials encroached on the cremation land and started construction work in Malappuram Vandoor.