മലപ്പുറം തിരൂർ ജില്ലാ ആശുപത്രിയുടെ ഫാർമസി വരാന്തയിൽ നിന്ന യുവാവിന് നായയുടെ കടിയേറ്റു. പരപ്പനങ്ങാടി സ്വദേശി അജ്മലിനാണ് നായയുടെ ആക്രമണത്തിൽ പരുക്കേറ്റത്. സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയിട്ടും നായയെ പിടികൂടാനുള്ള നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം.
ചെവി വേദനയ്ക്ക് തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലെത്തിയതായിരുന്നു അജ്മൽ. ഡോക്ടറെ കണ്ട ശേഷം മരുന്നു വാങ്ങാൻ ഫാർമസിയിൽ എത്തിയ അജ്മലിനെ പിന്നിലൂടെ വന്ന നായ ആക്രമിക്കുകയായിരുന്നു. നായയുടെ കടിയേറ്റ ഉടനെ അജ്മൽ ജില്ലാ ആശുപത്രിയിൽ തന്നെ ചികിത്സ തേടി. കാലിന് പുറകുവശത്തായിട്ടാണ് കടിയേറ്റത്.
ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയെങ്കിലും നായയെ ഞങ്ങൾ ഓടിച്ചു കൊള്ളാം എന്നും സൗജന്യ ചികിത്സ നൽകാമെന്നുമായിരുന്നു സൂപ്രണ്ടിന്‍റെ മറുപടി. പ്രശ്നത്തെ ആശുപത്രി സൂപ്രണ്ട് നിസ്സാരവൽക്കരിച്ചെന്നാണ് അജ്മലിന്‍റെ ആരോപണം. സംഭവത്തിൽ പൊലീസിൽ പരാതി നൽകാനാണ് തീരുമാനം.