കണ്ണൂര്‍ അയ്യല്ലൂര്‍ എല്‍.പി സ്കൂളില്‍ ഉച്ചഭക്ഷണത്തിനായുള്ള പച്ചക്കറി സ്വന്തമായി കൃഷി ചെയ്തെടുത്ത് കുട്ടികള്‍. കൃഷിത്തോട്ടത്തില്‍ ചെടികള്‍ നടുന്നതും നനയ്ക്കുന്നതും വിളവെടുക്കുന്നതുമെല്ലാം കുട്ടിക്കര്‍ഷകര്‍ തന്നെയാണ്. അധ്വാനത്തിന്‍റെ ഫലം വിളവെടുപ്പിലൂടെ നേരിട്ടറിഞ്ഞ കുട്ടികള്‍ ഇപ്പോള്‍ ഹാപ്പിയാണ്.
അവര്‍ തന്നെ നട്ടുവളര്‍ത്തിയ തക്കാളിച്ചെടികള്‍ നിറയെ വിളവുനല്‍കിയാണ് കുട്ടികളെ സന്തോഷിപ്പിക്കുന്നത്. വൈകുന്നേരങ്ങളിലാണ്
കൃഷി പരിപാലനം. എല്ലാവരും കൂടിയാകുമ്പോള്‍ നനയ്ക്കല്‍ എളുപ്പം കഴിയും. പച്ചമുളകും ക്യാബേജും കോളിഫ്ലവറും മത്തനും കുമ്പളവും വെണ്ടയും പയറുമെല്ലാം സ്കൂള്‍ മുറ്റത്തെ ഓരോയിടങ്ങളിലും സ്ഥലം പിടിച്ചിട്ടുണ്ട്. ഉല്ലസിച്ചുള്ള കൃഷിരീതിയില്‍ കുട്ടികള്‍ക്ക് എന്തെന്നില്ലാത്ത സന്തോഷം.
ചെറുതാണെങ്കിലും പ്രകൃതിയോട് ഇണങ്ങുന്ന രീതിയില്‍ ഒരുക്കിയിരിക്കുന്ന സ്കൂളിന് ഒരു വശം പാടമാണ്. മുളങ്കാടുകളും പഴച്ചെടികളും പച്ചക്കറിച്ചെടികള്‍ക്കൊപ്പമുണ്ട്. കളിച്ചും ഉല്ലസിച്ചും പ്രകൃതിയെ അറിഞ്ഞും പാഠ്യപദ്ധതി തയാറാക്കുകയാണ് അധ്യാപകരും മാനേജര്‍ രാജീവന്‍ മാഷും. ഉച്ചഭക്ഷണത്തിനായി പ്രത്യേകം കുട്ടികള്‍ ആസ്വദിക്കുന്ന രീതിയില്‍ പാചകപ്പുരയും..ചുരുക്കത്തില്‍ അയ്യല്ലൂര്‍ സ്കൂളിലെ ഒരോ കാഴ്ചകളും ഓരോ സന്ദേശങ്ങളാണ്.