സ്വയം സന്നദ്ധ പുനരധിവാസത്തിന്‍റെ പേരിൽ വനം വകുപ്പ് തങ്ങളെ വഞ്ചിച്ചുവെന്നാണ് വയനാട് മുത്തങ്ങ കുമിഴി ഗ്രാമത്തിലുള്ളവർ പറയുന്നത്. വന്യജീവികൾ സ്ഥിരമെത്തുന്ന മേഖലയിൽ നിന്ന് രക്ഷപ്പെടാൻ റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്താമെന്ന് അറിയിച്ചെങ്കിലും നിരവധി കുടുംബങ്ങളെ ഉൾപെടുത്തിയില്ലെന്നാണ് പരാതി.
മുത്തങ്ങയിൽ നിന്ന് രണ്ടു കിലോമീറ്റർ കാട്ടിലൂടെ സഞ്ചരിച്ചു വേണം കുമിഴി ഗ്രാമത്തിലെത്താൻ. നാലു ഭാഗവും കാടിനാൽ ചുറ്റപ്പെട്ട കൊച്ചു ഗ്രാമം. ആദിവാസി വിഭാഗത്തിൽ പെട്ടവരും അല്ലാത്തവരുമായി നൂറിലധികം കുടുംബങ്ങൾ ഇവിടെയുണ്ട്. ഇരുട്ട് വീണാല്‍ കാട്ടാനകൾ കൂട്ടത്തോടെ ഇവിടെയുള്ള വീടുകൾക്ക് സമീപമുണ്ടാകും. കടുവയടക്കമുള്ള മറ്റു വന്യജീവികൾ വേറെയും. ഭീതിയിലാണ് ഇവിടുത്തെ ജനങ്ങള്‍ ഓരോ ദിവസവും തള്ളിനീക്കുന്നത്.
ഗ്രാമത്തിലെ 21 കുടുംബങ്ങളും ഇവിടം വിട്ടുപോകാൻ തയ്യാറാണെന്ന് അറിയിച്ചതാണ്. റീ ബിൽഡ് കേരള ഡെവലപ്മെന്‍റ് പദ്ധതിയിൽ എല്ലാവരെയും ഉൾപ്പെടുത്തുമെന്ന് അറിയിച്ചെങ്കിലും 9 കുടുംബങ്ങളെ ഉൾപ്പെടുത്തിയില്ല. വീടും സ്ഥലവും വിട്ടു പോകുന്നതിന് 15 ലക്ഷം വീതം വനം വകുപ്പ് നൽകുന്നതായിരുന്നു പദ്ധതി. ലിസ്റ്റിൽ ഉൾപെടാത്ത കുടുംബങ്ങൾ കടുത്ത ആശങ്കയിലാണ്.
വന്യജീവികൾക്ക് മുന്നിൽ തങ്ങളെ വനം വകുപ്പ് കുരുതി കൊടുക്കുകയാണെന്ന് നാട്ടുകാർ മനോരമ ന്യൂസിനോട് പറഞ്ഞു. ഒരപകടത്തിനു കാത്തിരിക്കാതെ തങ്ങളെ മാറ്റണമെന്നാണ് ഇവര്‍ പറയുന്നത്. പ്രദേശത്തെ ആദിവാസി കുടുംബങ്ങളും ഗ്രാമത്തിൽ നിന്ന് മാറാനുള്ള ഒരുക്കത്തിലാണ്. പക്ഷേ അവരെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. എല്ലാവരെയും ഉൾപ്പെടുത്തി പുനരധിവാസം വേഗത്തിലാക്കണമെന്നാണ് പൊതുവായ ആവശ്യം.