സ്വന്തമായി ഭൂമി എന്ന സ്വപ്‌നവുമായി സർക്കാരിന്‍റെ കനിവ് കാത്തുകഴിയുകയാണ് നീലേശ്വരം തൈക്കടപ്പുറത്തെ സുനാമി കോളനിയിലെ 16 കുടുംബങ്ങൾ. സ്ഥലത്തിന് പട്ടയമില്ലാത്തതിനാൽ വീടിന്‍റെ അറ്റകുറ്റപ്പണിക്ക് പോലും വായ്പയെടുക്കാനാവാതെ ദുരിതത്തിലാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ.
2010 സെപ്റ്റംബർ ആറിനാണ് കോളനി ഉദ്ഘാടനം ചെയ്തത്. 37 സെന്‍റിൽ 16 കുടുംബങ്ങൾ. മഴക്കാലമായാൽ തീരാദുരിതമാണിവിടെ. മഴവെള്ളം മുഴുവൻ വീടിനകത്തായിരിക്കും. അറ്റകുറ്റപ്പണിക്ക് എങ്ങനെ പണം കണ്ടെത്തണണെന്ന് ഇവർക്കറിയില്ല. സ്ഥലത്തിന് പട്ടയമില്ലാത്തതിനാൽ വായ്പയെടുക്കാനും സാധിക്കില്ല.
സ്വന്തമായി ഒരുതുണ്ട് ഭൂമിക്കായി മുട്ടാത്ത വാതിലുകളില്ല. ഓരോവർഷവും വിവിധ അദാലത്തുകളിൽ പ്രതീക്ഷയോടെ അപേക്ഷ നല്‍കും. എല്ലാം ശരിയാക്കാം എന്ന മറുപടി മാത്രം ബാക്കി. പട്ടയത്തിന് പുറമെ മഴവെള്ളം കയറാതെ വീടിനകത്ത് താമസിക്കാനുള്ള സൗകര്യമെങ്കിലും ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം.