മനോരമ ന്യൂസ് വാര്‍ത്ത തുണയായി! പ്രളയത്തില്‍ മുങ്ങി നശിച്ച കണ്ണൂര്‍ കക്കാട്ടെ സ്പോര്‍ട്സ് കൗണ്‍സില്‍ സ്വിമ്മിങ് പൂള്‍ നവീകരിക്കും. നീന്തല്‍ക്കുളവും അനുബന്ധ സൗകര്യങ്ങളും പുനര്‍നിര്‍മിക്കാന്‍ കെ.വി.സുമേഷ് എംഎല്‍എയുടെ ആസ്തിവികസനഫണ്ടില്‍ നിന്ന് കുത അനുവദിച്ചു. ഈ വര്‍ഷം അവസാനത്തോടെ നീന്തല്‍ക്കുളം തുറന്നുകൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
94 സെന്‍റ് ഭൂമിയില്‍ അത്യാധുനിക നിലവാരത്തിലാണ് കക്കാട്ട് സ്വിമ്മിങ് പൂള്‍ പണിതത്. 1.04 കോടി രൂപ ചെലവായി. 2018 ലെ പ്രളയത്തില്‍ പൂളും അനുബന്ധ കെട്ടിടങ്ങളും മുങ്ങിപ്പോയി. അത് വൃത്തിയാക്കാനോ അറ്റകുറ്റപ്പണി നടത്താനോ ആരും തുനിഞ്ഞില്ല. വര്‍ഷങ്ങള്‍ പിന്നിട്ടതോടെ കുളം നശിച്ച് നാമാവശേഷമായി. കന്നുകാലികള്‍ സ്ഥിരമായി മേയുന്ന, കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്ന, സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി അതുമാറി.
നീന്തല്‍ക്കുളത്തിന്‍റെ അവസ്ഥ മനോരമന്യൂസ് ഒന്നിലേറെത്തവണ റിപ്പോര്‍ട്ട് ചെയ്തു. ഇതേത്തുടര്‍ന്നാണ് സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ കൂടി അഭ്യര്‍ഥന മാനിച്ച് ആസ്തിവികസന ഫണ്ടില്‍ നിന്ന് പണം ചിലവാക്കാന്‍ എംഎല്‍എ കെ.വി സുമേഷ് സന്നദ്ധത അറിയിച്ചത്. കുളത്തിന്‍റെ ഗ്രൗണ്ട് ലെവല്‍ ഉയര്‍ത്തി നിലം വാട്ടര്‍ പ്രൂഫ് ചെയ്യും. ഫില്‍റ്ററേഷന്‍ യൂണിറ്റ് സ്ഥാപിക്കാനും തകര്‍ന്ന ടോയ്‌ലറ്റ് ബ്ലോക്ക് പുനര്‍നിര്‍മിക്കാനും തീരുമാനിച്ചു.
സര്‍ക്കാരുമായി ബന്ധപ്പെട്ട സാങ്കേതിക നടപടികള്‍ വേഗത്തിലാക്കുമെന്ന് എംഎല്‍എ മനോരമ ന്യൂസിനോട് പറഞ്ഞു. കണ്ണൂര്‍ ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്ന് നീന്തല്‍ പരിശീലിക്കാന്‍ കായിതാരങ്ങള്‍ ഇവിടെ എത്തിയിരുന്നു. 25 മീറ്റർ നീളവും പന്ത്രണ്ടര മീറ്റർ വീതിയുമുള്ള പൂളിന് 6 ട്രാക്കുകളുണ്ട്. പൂളിന് പുതുജീവന്‍ നല്‍കാനുള്ള തീരുമാനം കായികരംഗത്തും വലിയ പ്രതീക്ഷയുണര്‍ത്തി.