മുപ്ലിവണ്ടെന്നും കോട്ടരുമയെന്നുമൊക്കെ വിളിപ്പേരുള്ള ചെള്ള് കാരണം കണ്ണൂര്‍ മലപ്പട്ടത്തുകാര്‍ക്ക് സ്വൈര്യമില്ല. പണ്ട് പ്രവര്‍ത്തനം നിര്‍ത്തിയ ഖാദി ബോര്‍ഡിന് കീഴിലുള്ള സോപ്പുനിര്‍മാണ കേന്ദ്രം ഈ പ്രാണികളുടെ സാമ്രാജ്യമാണിന്ന്.
ഇത്തിരിക്കുഞ്ഞന്‍ പ്രാണിയ്ക്ക് പല പേരുകളുണ്ട്.. മുപ്ലിവണ്ട്, ഓലച്ചാത്തന്‍, കരിഞ്ചെള്ള് എന്നിങ്ങനെ.. പല ദേശങ്ങളില്‍ പല പേരെങ്കിലും ഉറക്കം കെടുത്തും ഒട്ടും അരുമയല്ലാത്ത കോട്ടരുമകള്‍. മലപ്പട്ടം പഞ്ചായത്തിലെ ഈ കെട്ടിടം ഇവയുടെ കോട്ടയാണ്. രാത്രിയാകുമ്പോള്‍ ഇവ ഊരുചുറ്റല്‍ തുടങ്ങും. വാതിലും ജനലും തുറന്നുകിടന്നാല്‍ അകത്തുകയറി കിടപ്പുമുറിയില്‍ വരെയെത്തും. ഉറക്കത്തില്‍ മൂക്കിലും ചെവിയിലും വരെ കയറും. ശരീരത്തില്‍ കടിച്ചാല്‍ പൊള്ളലേറ്റ പോലെയാകും.
ഖാദി ബോര്‍ഡിന്‍റെ സഹകരണത്തോടെ പ്രവര്‍ത്തിച്ചിരുന്ന സോപ്പുനിര്‍മാണ കേന്ദ്രം പൊളിച്ചുനീക്കി മരുന്നടിച്ച് കോട്ടരുമകളെ കൂട്ടത്തോടെ നശിപ്പിച്ചാലേ പ്രശ്നത്തിന് പരിഹാരമാകൂ.