വയനാട് ദുരന്തമുണ്ടായ അതേദിവസം ഉരുള്‍പൊട്ടിയ കണ്ണൂര്‍ കോളയാട് പെരുവയില്‍ തിരിഞ്ഞുനോക്കാതെ അധികൃതര്‍. റോഡുകളും പാലങ്ങളും തകര്‍ന്ന വനമേഖലയില്‍ ആദിവാസികള്‍ ദുരിതത്തിലാണ്. ധനസഹായം അടക്കം നല്‍കി നഷ്ടപ്പെട്ടവ തിരികെ സ്ഥാപിക്കാന്‍ നടപടി വേണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വയനാട്ടില്‍ ദുരന്തമുണ്ടായ അന്ന് രാത്രി പെരുവയിലും ആളുകള്‍ ജീവന്‍ കൈയ്യില്‍ പിടിച്ച് നില്‍ക്കുകയായിരുന്നു. കുത്തിയൊലിച്ചാണ് കല്ലും പാറയും മരങ്ങളുമെത്തിയത്. രണ്ട് പാലങ്ങള്‍ തകര്‍ന്നു. റോഡുകള്‍ ഒലിച്ചുപോയി. ഇതോടെ വനത്തിനുള്ളിലെ ആദിവാസി ഊരുകളിലുള്ളവര്‍ക്ക് പുറത്തേക്കുള്ള വഴിയടഞ്ഞു.
കൃഷിഭൂമിയും ഒട്ടേറെ പോയി. വീടുകള്‍ നശിച്ചില്ലെന്നത് മാത്രം ആശ്വാസം. മുമ്പും പലവട്ടം ദുരന്തമുണ്ടായ സ്ഥലത്ത് ജില്ലാ ഭരണകൂടമോ ദുരന്ത നിവാരണ അതോറിറ്റിയോ സന്ദര്‍ശിക്കാന്‍ പോലുമെത്തിയില്ലെന്ന് വ്യാപക പരാതിയുണ്ടിവിടെ.
ദുരിതകാലം അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുമ്പോള്‍ പെരുവഴിയില്‍ നിര്‍ത്തരുതെന്നാണ് പെരുവക്കാര്‍ പറയുന്നത്