kial-meeting

TOPICS COVERED

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്‍റെ വാര്‍ഷിക പൊതുയോഗത്തിനെതിരെ വീണ്ടും ഓഹരി ഉടമകള്‍. ഓണ്‍ലൈനായി നടന്ന യോഗത്തില്‍ സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി കിട്ടിയില്ലെന്നും മിനിറ്റുകള്‍കൊണ്ട് യോഗം അവസാനിപ്പിച്ചെന്നുമാണ് വിമര്‍ശനം. അതേസമയം, വിദേശ വിമാന കമ്പനികൾക്ക് കണ്ണൂരില്‍നിന്ന് സർവീസ് നടത്താനായി 'പോയിന്റ് ഓഫ് കോൾ' പദവി അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

 

കിയാല്‍ ചെയര്‍മാനായ മുഖ്യമന്ത്രി പങ്കെടുത്ത പതിനഞ്ചാമത് വാര്‍ഷിക പൊതുയോഗമാണ് ഇന്നലെ നടന്നത്.. കോവിഡ് കാലം മുതല്‍ നടക്കുന്ന ഓണ്‍ലൈന്‍ യോഗങ്ങള്‍ക്കെതിരെ നേരത്തെ വിമര്‍ശനം ഓഹരി ഉടമകള്‍ ഉന്നയിച്ചിരുന്നു. സ്ഥിരമായി ഒരേ ആളുകള്‍ തന്നെ ചോദ്യം ചോദിക്കുന്നുവെന്നും അതില്‍ ചിലര്‍ എയര്‍പോര്‍ട്ട് ജീവനക്കാര്‍ ആണെന്നും ഒരു വിഭാഗം ഓഹരി ഉടമകള്‍ക്ക് ആക്ഷേപമുണ്ട്. 

യോഗം തുടങ്ങി അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ സാങ്കേതിക പ്രശ്നം കൊണ്ടെന്ന് പറഞ്ഞ് യോഗം തടസപ്പെട്ടു. അരമണിക്കൂറിനുള്ളില്‍ യോഗം തീര്‍ക്കുകയും ചെയ്തുവെന്നും വിമര്‍ശനം. ഓണ്‍ലൈന്‍ യോഗത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും പ്രയോചനമുണ്ടായിട്ടില്ല. അതേസമയം, പോയിന്‍റ് ഓഫ് കോള്‍ പദവി അനുദിക്കുന്നതില്‍ വ്യോമയാന മന്ത്രിയെ വൈകാതെ കാണുമെന്നാണ് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചത്. എയർപോർട്സ് കൗൺസിൽ ഇന്റർനാഷനൽ നടത്തിയ എയർപോർട്ട് സർവീസ് ക്വാളിറ്റി സർവേയിൽ രാജ്യത്തെ മൂന്ന് വിമാനത്താവളങ്ങളിൽ ഒന്നായി കണ്ണൂർ ഇടം നേടിയെന്നും ആഗോളതലത്തിൽ ആദ്യ പത്തിൽ ഇടംപിടിക്കാൻ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ENGLISH SUMMARY:

Shareholders against KIAL Annual General Meeting