ശ്രീലങ്കയിൽ ചരക്ക് കപ്പലിൽ നിന്നും കാണാതായ കാസർകോട് സ്വദേശിയെ ഇതുവരെ കണ്ടെത്താനായില്ല. വെള്ളിയാഴ്ചയാണ് കപ്പലിലെ ജീവനക്കാരൻ കാസർകോട് കള്ളാർ സ്വദേശി ആൽബർട്ട് ആന്‍റണിയെ കാണാതായത്. ആൽബർട്ടിനെ കണ്ടെത്താനായുള്ള തിരച്ചിൽ തുടരുകയാണെന്ന് കമ്പനി അധികൃതർ കുടുംബത്തെ അറിയിച്ചു.
സിനർജി മാരിടൈം കമ്പനിയുടെ എം. വി ട്രൂ കോൺറാഡ് എന്ന ചരക്ക് കപ്പലിലെ ഡെക്ക് ട്രെയിനിങ് കേഡറ്റായിരുന്നു ഇരുപത്തിരണ്ടുകാരൻ ആൽബർട്ട് ആന്‍റണി. വെള്ളിയാഴ്ച കൊളംബോ തുറമുഖത്ത് നിന്ന് 300 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് ആൽബർട്ടിനെ കാണാതായത്. ഇതേ കപ്പൽ കമ്പനിയിൽ ജോലി ചെയ്യുന്ന അവധിക്ക് നാട്ടിലെത്തിയ ജീവനക്കാരനാണ് അധികൃതരുടെ നിർദ്ദേശപ്രകാരം ഇയാളെ കാണാതായ വിവരം ആദ്യം കുടുംബത്തെ അറിയിച്ചത്. തുടർന്ന് കമ്പനി അധികൃതരും വീട്ടിലെത്തി വിവരം പറഞ്ഞു.
നിലവിൽ മൂന്ന് കപ്പലുകൾ ആൽബർട്ട് ആന്‍റണിയെ കാണാതായ മേഖലയിൽ തിരച്ചിൽ നടത്തുന്നുണ്ടെന്ന് കമ്പനി അധികൃതർ കുടുംബത്തെ അറിയിച്ചു. ഏപ്രിലിലാണ് ആൽബർട്ട് ജോലിയിൽ പ്രവേശിച്ചത്. ഡിസംബറോടെ അവധിക്ക് നാട്ടിൽ വരാനുള്ള ഒരുക്കത്തിലായിരുന്നു. വ്യാഴാഴ്ച രാത്രിയും ഫോണിൽ ബന്ധപ്പെട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു.