കേരള - കർണാടക അതിർത്തിയായ തലപ്പാടിയിൽ നാട്ടുകാരിൽനിന്ന് ടോൾ പിരിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം. ടോൾ ഗേറ്റിന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് ഇളവുണ്ടെന്നിരിക്കെ മലയാളികളിൽനിന്ന് പണം വാങ്ങുന്നതിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.
അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും മംഗളൂരുവിനെ ആശ്രയിക്കുന്നവരാണ് മഞ്ചേശ്വരം പഞ്ചായത്തിലെ ജനങ്ങൾ.
തലപ്പാടി ടോൾ ബൂത്ത് കടക്കണമെങ്കിൽ 200 രൂപയിലധികം വാങ്ങുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. 2016 മുതലാണ് ടോൾ പിരിക്കാൻ തുടങ്ങിയത്. കോവിഡ് വരെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരെ ടോൾ പിരിവിൽ നിന്ന് ഒഴിവാക്കി. കോവിഡിന് ശേഷം ഈ സൗജന്യം കർണാടകയ്ക്ക് മാത്രമാക്കി. പല തവണ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ടോൾ പിരിവ് ചോദ്യംചെയ്താൽ മർദ്ദനമാണ് മറുപടിയെന്നും നാട്ടുകാർ പറയുന്നു. നീതി നിഷേധത്തിനെതിരെ സമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.