മത സൗഹാർദത്തിന്‍റെ കഥ പറയുകയാണ് മഞ്ചേശ്വരം മഞ്ചിഷ്‌ണാര്‍ ക്ഷേത്രവും ആയിരം ജമാഅത്ത് പള്ളിയും. ക്ഷേത്രോത്സവം ക്ഷണിക്കാൻ പള്ളിവാളേന്തി പള്ളിമുറ്റത്തെത്തിയ വെളിച്ചപ്പാടിനെ സ്വീകരിച്ചത് ജുമാ നമസ്‌കാരം കഴിഞ്ഞിറങ്ങിയ വിശ്വാസികളാണ്.
ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷണിക്കാനാണ് വെളിച്ചപ്പാടും ക്ഷേത്ര ഭാരവാഹികളും പള്ളി മുറ്റത്ത് എത്തിയത്. മാട ക്ഷേത്രത്തിന് സമീപത്തെ സിംഹാസന തറയില്‍ നടന്ന ചടങ്ങിന് ശേഷമാണ് വെളിച്ചപ്പാടുകളും ക്ഷേത്രഭാരവാഹികളും നാട്ടുകാരും പുറപ്പെട്ടത്.
പള്ളികമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കിയ ഉപചാരപൂര്‍വമുള്ള വരവേല്‍പ്പ് സ്വീകരിച്ച വെളിച്ചപ്പാടുകള്‍ അനുഗ്രഹം നൽകിയാണ് മടങ്ങിയത്. ഉദ്യാവരം ക്ഷേത്രത്തിലെ ഉത്സവത്തിനാവശ്യമുള്ള സാധനങ്ങള്‍ ഒരുക്കാൻ പള്ളി കമ്മിറ്റി സഹായിക്കും. പള്ളിയിലെ ഉറൂസിന് ക്ഷേത്രം വകയാണ് അരിയും നെയ്യും എണ്ണയും.