ലൈഫ് ഭവന പദ്ധതിയില്‍ തുക അനുവദിച്ചിട്ടും, സാങ്കേതിക തടസം പറഞ്ഞ് വീട് നിഷേധിക്കുകയാണ് കോഴിക്കോട് അത്തോളി സ്വദേശി ബാബുരാജിന്. രാഷ്ട്രീയ സ്വാധീനമുപയോഗിച്ചും തീരദേശ പരിപാലന ചട്ടം ലംഘിച്ചും വന്‍കിടക്കാര്‍ കെട്ടിടങ്ങള്‍ കെട്ടിപ്പോക്കുമ്പോഴാണ് സമീപത്ത് പുഴയുണ്ടെന്ന കാരണം പറഞ്ഞ്, രണ്ട് പെണ്‍മക്കളടങ്ങുന്ന ഈ നിര്‍ധന കുടുംബത്തിന് നീതി നിഷേധിക്കുന്നത്.
ടാര്‍പ്പാളിന്‍ വലിച്ചുകെട്ടിയ ഒറ്റമുറി വീട്. വശങ്ങള്‍ മറച്ചിരിക്കുന്നത് ബോര്‍ഡുകള്‍ വച്ച് . അടച്ചുറപ്പില്ലാത്ത ഈ വീട്ടിലാണ് ബാബുരാജും ഭാര്യയും രണ്ട് പെണ്‍മക്കളും കഴിഞ്ഞ ആറു വര്‍ഷമായി ജീവിക്കുന്നത് . ഊണും ഉറക്കവും കുട്ടികളുടെ പഠനവുമെല്ലാം ആകെയുള്ള ഒറ്റമുറിക്കുള്ളില്‍. ഉറുമ്പ് ശല്യത്തെത്തുടര്‍ന്ന് തുണി വിരിച്ചു കെട്ടി അന്തിയുറങ്ങേണ്ട അവസ്ഥ. പിന്നിലായി പേരിനൊരു അടുക്കളയും.. മഴയായാല്‍ വെള്ളം വീടിനുള്ളിലെത്തും.
ലൈഫ് പദ്ധതി പ്രകാരം വീടിന് തുക അനുവദിച്ചു. പക്ഷെ പ്ലാന്‍ നല്കിയപ്പോള്‍ 82 മീറ്ററിന് അപ്പുറത്ത് പുഴയുണ്ടെന്ന കാരണം നിരത്തി നിര്‍മാണഅനുമതി നിഷേധിച്ചു. എന്നാല്‍ അളന്നതില്‍ അപാകത ഉണ്ടെന്നാണ് ബാബുരാജ് പറയുന്നത്.
കൂലി പണിയില്‍ നിന്ന് കിട്ടുന്നതാണ് ഏക വരുമാനം. പെണ്‍കുട്ടികളില്‍ ഒരാള്‍ പിജിക്കും മറ്റൊരാള്‍ ഡിഗ്രിക്കും പഠിക്കുന്നു. അടച്ചുറപ്പുള്ള വീട് യാഥാര്‍ഥ്യമാകണമെങ്കില്‍ ഒന്നുകില്‍ സര്‍ക്കാര്‍ കനിയണം. അല്ലെങ്കില്‍ സുമനസുകളുടെ സഹായമുണ്ടാകണം.