thamarassery-hospita

കോഴിക്കോട് താമരശേരി താലൂക്ക് ആശുപത്രി ജീവനക്കാരുടെ വീഴ്ച കാരണം നവജാതശിശു മരിച്ചതില്‍ കേസെടുക്കാതെ പൊലീസ്. ഈങ്ങാപ്പുഴ സ്വദേശി ബിന്ദുവിന്‍റെ കുഞ്ഞാണ് മൂന്ന് മാസം മുമ്പ് മരിച്ചത്. താമരശേരി താലൂക്ക് ആശുപത്രി ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചെന്ന ഡിഎംഒയുടെ അന്വേഷണ റിപ്പോര്‍ട്ടും പൊലിസ് കണ്ടില്ലെന്ന് നടിക്കുകയാണ്.  

 

ഡിസംബര്‍ 13 ന് ആണ് പ്രസവവേദന അനുഭവപ്പെട്ട ബിന്ദുവിനെ താമരശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. കുഞ്ഞ് തല തിരിഞ്ഞ് കാല് പുറത്തേക്ക് വന്ന അവസ്ഥയിലായിരുന്നു. എന്നാല്‍ ഡോക്ടര്‍ ഇല്ലെന്ന് പറഞ്ഞ്  ബിന്ദുവിന്‍റെ വസ്ത്രം കീറി  മുറുക്കി കെട്ടി മെഡിക്കൽ കോളജിലേക്ക് വിടുകയായിരുന്നു.  

മെഡിക്കൽ കോളജില്‍ വച്ച് സ്വാഭാവിക പ്രസവത്തിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും കുഞ്ഞ് ഏപ്രില്‍ 15 ന് മരിച്ചു. തുടര്‍ന്ന് ഏപ്രില്‍ 16 ന് റൂറല്‍ എസ്.പി.ക്ക് പരാതി നല്‍കി. 17ന് താമരശേരി പൊലീസ് ബിന്ദുവിന്‍റെ മൊഴിയെടുത്തെങ്കിലും തുടര്‍നടപടികളൊന്നുമുണ്ടായില്ല. നിയമസേവന അതോറിറ്റി നിയമസഹായം നല്‍കാനായി  അഭിഭാഷകനെ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പൊലീസ് എഫ്.ഐ.ആര്‍ ഇടാത്തതിനാല്‍ ഒന്നും ചെയ്യാനാവുന്നില്ല. 

താമരശേരി താലൂക്ക് ആശുപത്രി ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ ജാഗ്രത കുറവും വീഴ്ചയുമെല്ലാം വ്യക്തമാക്കി ഡിഎംഒ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിലും ആരോഗ്യവകുപ്പിന്‍റെ ഭാഗത്ത് നിന്ന് നടപടിയൊന്നുമുണ്ടായിട്ടില്ല. വീഴ്ച്ചയുണ്ടെന്ന ഡിഎംഒയുടെ റിപ്പോര്‍ട്ട് ഉണ്ടായിട്ടും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് കേസെടുക്കാതെ ഉഴപ്പുകയാണ് പൊലിസ്. റിപ്പോര്‍ട്ട് പൊലിസ് കണ്ടിട്ടില്ലെന്നാണ് വാദം. 

ENGLISH SUMMARY:

Kerala police yet to register case against Thamarassery Taluk hospital in Newborn baby's death