കാലവർഷം കലിതുള്ളിപ്പെയ്യുമ്പോഴും കുടിക്കാന്‍ ഒരുതുള്ളി വെള്ളം ഇല്ലാതെ നട്ടംതിരിയുകയാണ് കോഴിക്കോട് കോട്ടൂളിയിലെ 120 കുടുംബങ്ങള്‍. ജല അതോറിറ്റിയുടേയും കോര്‍പറേഷന്റേയും കുടിവെള്ള വിതരണ പദ്ധതികളുണ്ടെങ്കിലും ഒന്നരയാഴ്ചയായി ഒന്നിലും ശുദ്ധ ജലമില്ല.
സത്യഭാമചേച്ചിയും രാജി ചേച്ചിയും ഇങ്ങനെ നിന്ന് വിഷമം പറയും. കാത്തിരുന്ന് മുഷിഞ്ഞാല്‍ ഒഴിഞ്ഞ ബക്കറ്റുകളുമായി തിരികെ വീട്ടിലേക്ക് തന്നെ പോകും. പാചകം ചെയ്യാനും കുടിക്കാനുമൊക്കെയായി വെള്ളം നിറഞ്ഞിരിക്കേണ്ട ബക്കറ്റുകള്‍ പിന്നാമ്പുറങ്ങളില്‍ ചാഞ്ഞും ചെരിഞ്ഞും അനാഥമായി കിടക്കുന്നു. പൈപ്പുകളില്‍ ചിലന്തി വലകെട്ടി. കോർപറേഷന്‍ 26 ആം വാർഡിലെ മേപ്പറമ്പത്ത്,മേനമീതില്‍, ചെറൂട്ട് പ്രദേശങ്ങളിലാണ് ഈ ദുരവസ്ഥ.
പ്രദേശത്ത് അധികം കിണറുകളില്ല. ഉള്ള കിണറുകള്‍ പോലും വെള്ളമില്ലാത്തതിനാല്‍ മൂടേണ്ടി വന്നു.
നാല്‍പത് വര്‍ഷം മുമ്പുള്ള പൈപ്പ് കണക്ഷനാണ്.വല്ലപ്പോഴും വെള്ളം വന്നാല്‍ വന്നു.10 ദിവസമായി ഒരു തുള്ളി വെള്ളമില്ല.ഇതോടെയാണ് ജല അതോറിറ്റിയില്‍ പോയി പ്രതിഷേധിച്ചത്. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് തിരിച്ചുവിട്ടു. കോർപറേഷന്‍റെ ജലവിതരണ പൈപ്പില്‍ വെള്ളം വരുന്നുണ്ടെങ്കിലും ഉപയോഗിക്കാനാകാത്ത വിധം ചെളിയാണ്.