കനത്ത മഴയില്‍ തകര്‍ന്നുതരിപ്പണമായ തണ്ണീര്‍പന്തല്‍ – മാളിക്കടവ് റോഡില്‍ തല്‍ക്കാലിക അറ്റകുറ്റപണി നടത്താനുള്ള പൊതുമരാമത്ത് വകുപ്പിന്‍റെ നീക്കം നാട്ടുകാര്‍ തടഞ്ഞു. റോഡിലെ കുഴി നികത്താനുള്ള ബസ് ഉടമകളുടെ നീക്കവും നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞിരുന്നു. പ്രശ്നത്തിന് ശാശ്വതപരിഹാരം കാണണമെന്നാണ് ആവശ്യം.
രണ്ട് ദിവസം മുമ്പ് വരെ കനത്ത വെള്ളക്കെട്ടായിരുന്നു മേഖലയില്‍. ഇതുമൂലം ഗതാഗതം നിരോധിച്ചിരുന്നു. ദിവസങ്ങളോളം നീണ്ടുനിന്ന വെള്ളക്കെട്ടില്‍ ടാറിങ് ഏതാണ്ട് പൂര്‍ണമായും ഇളകി. ചെറിയ കുഴികള്‍ വലിയ ഗര്‍ത്തങ്ങളായി. ദേശീയപാത നിര്‍മാണം നടക്കുന്നതിനാല്‍ ഇതുവഴിയായിരുന്നു ബസുകളടക്കം പോയിരുന്നത്. ഇപ്പോഴിതെല്ലാം നിലച്ച മട്ടാണ്. ഈ ഘട്ടത്തിലാണ് പൊതുമരാമത്ത് മെറ്റലിട്ട് കുഴിയക്കാന്‍ ശ്രമിച്ചത്. എന്നാലിങ്ങനെ പണി നടത്തി പോകേണ്ടതില്ലെന്ന് നാട്ടുകാര്‍ നിലാപാടെടുത്തു. മണ്ണുമാന്തിയന്ത്രം റോഡിന് നടുവില്‍ തടഞ്ഞതോടെ പൊതുമരാമത്ത് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി.
എന്നാല്‍ റോഡിനായി ഒരു കോടി രൂപയുടെ എസ്റ്റിമേറ്റ് അയച്ചിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. അനുമതി കിട്ടിയാലുടന്‍ പ്രവൃത്തി തുടങ്ങാമെന്നാണ് നിലപാട്. എന്നാല്‍ കാല്‍നടപോലും സാധ്യമല്ലാതെ എത്രകാലം ഇങ്ങനെ മുന്നോട്ട് പോകുമെന്നാണ് നാട്ടുകാരുടെ ചോദ്യം.