കോഴിക്കോട് തിക്കോടിയിൽ ദേശീയപാതയ്ക്ക് സമീപം അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി നടത്തിയ പ്രതിഷേധത്തിനിടെ സംഘർഷം. ദേശീയപാതയുടെ നിർമാണം തടഞ്ഞ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. നടപടിയിൽ പ്രതിഷേധിച്ച് സമരസമിതി ഇന്ന് പ്രദേശത്ത് ഹർത്താലിന് ആഹ്വാനം
ദേശീയപാത 66ന്‍റെ നിർമ്മാണം പുരോഗമിച്ചപ്പോൾ തിക്കോടി പ്രദേശത്തെ ജനങ്ങൾക്ക് യാത്രാ മാർഗം ഇല്ലാതെയായി എന്നാണ് പ്രതിഷേധക്കാരുടെ പരാതി. ഇതിനു പരിഹാരമായി അടിപ്പാത വേണമെന്ന് ആവശ്യം ഉയർത്തി ആയിരുന്നു സമരസമിതിയുടെ പ്രതിഷേധം.
കലക്ടർ എത്തി ചർച്ച നടത്താതെ ദേശീയ പതാക നിർമ്മാണം നടത്താനാവില്ലെന്ന് പ്രതിഷേധക്കാർ നിലപാടെടുത്തു. നിർമ്മാണ പ്രവർത്തികൾ തടയാനാവില്ലെന്ന് പൊലീസും. ഇതോടെ സമരം സംഘർഷത്തിലേക്ക് മാറി. സമരക്കാരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. സമരപ്പന്തൽ പൊളിച്ചുമാറ്റി.
പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രദേശത്ത് സമരസമിതി ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു. സംഘർഷത്തിൽ പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.