ഒരാഴ്ചയായി ഐസിയുവിലെ എ.സി.തകരാറിലായതിനാല്‍  കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ തീവ്രപരിചരണം അവതാളത്തില്‍. ചൂടുകൊണ്ടിരിക്കാന്‍ വയ്യാതായതോടെ ഐസിയുവിന്‍റെ ജനാലകള്‍ തുറന്നിട്ടിരിക്കുകയാണ്. ഇതോടെ അന്യര്‍ക്ക് പ്രവേശനമില്ലാത്ത തീവ്രപരിചരണവിഭാഗത്തില്‍ ഇപ്പോള്‍ കൊതുകുകള്‍ നിത്യസന്ദര്‍ശകരാണ്.

ബീച്ച് ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തിലെ ഐസിയുവിലെ എസിയാണ ഒരാഴ്ച മുമ്പ്  തകരാറിലായത്. ‌‌തീവ്രപരിചരണം വേണ്ട രോഗികളെപ്പോലും അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഇപ്പോള്‍. തൊട്ടപ്പുറം കടലായതിനാല്‍  ഉപ്പുകാറ്റും തുറന്നിട്ട ജനലിലൂടെ അകത്ത് കയറുന്നുണ്ട്. എസി പ്രവര്‍ത്തിക്കാത്തതും , അന്തരീക്ഷത്തിലെ ഉപ്പിന്‍റെ അംശവും, ഇവിടുത്തെ , മള്‍ട്ടി പാരാമീറ്റര്‍,  ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടുണ്ട്.

ഒന്‍പത് രോഗികളാണ് നിലവില്‍ ഐസിയുവിലുള്ളത്. ഇവര്‍ക്ക് ഫുള്‍ സ്പീഡില്‍ ഫാനിട്ടുകൊടുത്താണ്  പരിചരിക്കുന്നത്. തീവ്രപരിചരണം ആവശ്യമുള്ള പലരേയും  എ സി ഇല്ലാത്തത് കാരണം കഴിഞ്ഞദിവസം വാര്‍ഡിലേക്ക് മാറ്റിയിരുന്നു.