സംസ്ഥാനത്തെ ആദ്യ എസ്‌കലേറ്റര്‍ കം എലിവേറ്റര്‍ ഫുട്ട് ഓവര്‍ബ്രിഡ്ജ് പൊടിപിടിച്ചും തുരുമ്പെടുത്തും നശിക്കുന്നു. കോഴിക്കോട് നഗരഹൃദയത്തിലാണ്, അമൃത് പദ്ധതിയില്‍ പെടുത്തി 11.35 കോടി രൂപ ചെലവില്‍ പദ്ധതി നിര്‍മ്മിച്ചത്. കോഴിക്കോട് കോര്‍പ്പറേഷനാണ് നടത്തിപ്പ് ചുമതല. 

2020–ലെ കേരള പിറവി ദിനത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ കോഴിക്കോടിനുള്ള സമ്മാനമായിരുന്നു ഈ എസ്‌കലേറ്റര്‍ കം ഓവര്‍ ബ്രിഡ്ജ് . നാല് വര്‍ഷം മുമ്പ് നിര്‍മ്മിച്ച ഇതിനുള്ളിലെ ഇപ്പോഴത്തെ കാഴ്ച അത്രമേല്‍ ദയനീയമാണ്.

എസ്കലേറ്ററിന്റെ തകര്‍ന്ന കൈവരികള്‍ കണ്ട് വേണം മുകളില്‍ എത്താന്‍. അവിടെ നിറയെ മാറാലയും പൊടിയും.കമ്പികൾ തുരുമ്പെടുത്ത് നശിക്കുന്നു.നഗരത്തിന്റെ സുന്ദരമായ കാഴ്ച കാണാം എന്ന് ആഗ്രഹിച്ച മുകളില്‍ എത്തുന്നവർക്ക് നിരാശ മാത്രമായിരിക്കും. ചുവരുകള്‍ സാമൂഹ്യവിരുദ്ധർ മുറുക്കി തുപ്പി വൃത്തികേടാക്കിയിരിക്കുന്നു.

ക്ലീനിങ്ങിന് പ്രത്യേക സമയം തന്നെ നിശ്ചയിച്ചിട്ടുണ്ട്.  എന്നാല്‍ ഈ ബോര്‍ഡു പോലും കാണണമെങ്കില്‍ ഇതുപോലെ വൃത്തിയാക്കേണ്ട ഗതികേടാണ്. ഉദ്ഘാടനത്തിനുശേഷം അധികൃതര്‍ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന്  ചുരുക്കം. 

ENGLISH SUMMARY:

State's first escalator-cum-elevator foot overbridge decays due to dust and rust