കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ തെരുവ് നായ ശല്യത്തില്‍ പരസ്പരം പഴിചാരി കോര്‍പറേഷനും റെയില്‍വേ അധികൃതരും. നായ്ക്കളെ വന്ധീകരിച്ചശേഷം സ്റ്റേഷനില്‍ തന്നെ കൊണ്ടുവിടുകയാണെന്നാണ് റെയില്‍വേയുടെ ആരോപണം. അതേസമയം റെയില്‍വേയിലെ മാലിന്യം കാരണമാണ് നായ്ക്കള്‍ പെരുകുന്നതെന്നാണ് കോര്‍പറേഷന്‍റെ വാദം.
രണ്ടാഴ്ച മുമ്പാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കയറാനെത്തിയ വിദേശവനിതയ്ക്ക് തെരുവ് നായയുടെ കടിയേറ്റത്. ദിവസവും ആയിരക്കണക്കിന് യാത്രക്കാരാണ് ഈ റെയില്‍വേ സ്റ്റേഷനിലെത്തുന്നത്. വിദേശ വനിതയ്ക്ക് കടിയേറ്റതിന്റ പിറ്റേദിവസം നായ്ക്കളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കോര്‍പറേഷന്‍ സെക്രട്ടറിക്ക് റെയില്‍വേയിലെ ചീഫ് ഹെല്‍ത്ത് ഓഫീസര്‍ കത്ത് അയച്ചിരുന്നു. രണ്ടാഴ്ച കഴിഞ്ഞിട്ടും ഒരു നടപടിയുമെടുത്തിട്ടില്ല.
ഇതിന് മുമ്പും പലതവണ കോര്‍പറേഷന് റെയില്‍വേ കത്ത് നല്‍കിയിരുന്നു. വന്ധീകരിച്ചശേഷം നായ്ക്കളെ റയില്‍വേ സ്റ്റേഷനിലേക്കാണ് കൊണ്ടുവിടുന്നതെന്നും ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. എന്നാല്‍ ഇതെല്ലാം തള്ളുകയാണ് മേയര്‍ ബീന ഫിലിപ്പ്. പ്രശ്നത്തില്‍ ഇടപെട്ട മനുഷ്യാവകാശ കമ്മീഷന്‍ അടുത്തിടെ കോര്‍പറേഷനിലെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയിരുന്നു.