സര്‍ജിക്കല്‍ ഉപകരണ വിതരണക്കാരുടെ സമരം ഒത്തുതീര്‍പ്പായതോടെ കോഴിക്കോട് ബീച്ചാശുപത്രിയിലെ കാത്ത് ലാബ് തിങ്കളാഴ്ച തുറക്കും. എട്ടുമാസമായി കാത്ത് ലാബ് പൂട്ടികിടന്നതോടെ ഹൃദോഗ്രികള്‍ ദുരിതത്തിലായിരുന്നു. കുടിശിക തുകയില്‍ 50 ലക്ഷം രൂപ വിതരണക്കാര്‍ക്ക് അടുത്തദിവസം നല്‍കുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
ബീച്ചാശുപത്രിയില്‍ സ്റ്റെന്‍റും അനുബന്ധഉപകരണങ്ങളും നല്‍കിയ വകയില്‍ ഒന്നേകാല്‍ കോടിയോളം രൂപയാണ് വിതരണക്കാര്‍ക്ക് ലഭിക്കാനുണ്ടായിരുന്നത്. ഇതോടെയാണ് വിതരണക്കാര്‍ സമരം ആരംഭിച്ചത്. സര്‍ജിക്കല്‍ ഉപകരണങ്ങളുടെ വിതരണം നിര്‍ത്തിയതോടെ ഏപ്രില്‍ മുതല്‍ കാത്ത് ലാബ് പ്രവര്‍ത്തിച്ചിരുന്നില്ല. വിതരണക്കാരുമായി ആരോഗ്യമന്ത്രി നിയോഗിച്ച പ്രത്യേക സമിതി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം ഒത്തുതീര്‍പ്പായത്.
കാത്ത് ലാബ് പൂട്ടിയതോടെ ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി എന്നിവ ചെയ്യേണ്ട നൂറിലധികം രോഗികളാണ് പ്രതിസന്ധിയിലായത്. അടിയന്തര ശസ്ത്രക്രിയ ആവശ്യമായ രോഗികളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു ഇതുവരെ. കാസ്പ്, എച്ച്എംസി ഫണ്ട് ഉപയോഗിച്ചാണ് വിതരണക്കാരുടെ കുടിശിക നല്‍കുന്നത്. 50 ലക്ഷം രൂപ അടുത്ത ദിവസം തന്നെ വിതരണക്കാര്‍ക്ക് കൈമാറും.