കോഴിക്കോട് എന്‍ഐടിയിലെ രാഗം ഫെസ്റ്റിനോട് അനുബന്ധിച്ച് വിദ്യാര്‍ഥികള്‍ പുറത്തിറക്കിയ ടീസര്‍ പിന്‍വലിപ്പിച്ച് കോളജ് അധികൃതര്‍. അടിയന്തരാവസ്ഥ കാലത്ത് കൊല്ലപ്പെട്ട രാജനുമായി ബന്ധപ്പെട്ട ഭാഗങ്ങളുള്ളതിനാലാണ് ടീസര്‍ പിന്‍വലിപ്പിച്ചത്. 1976 ല്‍ കാണാതായ രാജന്‍റെ ഓര്‍മ്മയ്ക്കായി സംഘടിപ്പിച്ചു വന്ന കലാപരിപാടിയാണ് പിന്നീട് രാഗം ഫെസ്റ്റായി മാറിയത്.
1976ല്‍ നക്സല്‍ ബന്ധമാരോപിച്ചാണ് കോഴിക്കോട് റീജിയണല്‍ എഞ്ചിനീയറിംഗ് കാംപസില്‍ നിന്നും രാജനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ആരും രാജനെ കണ്ടിട്ടില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊണ്ട കാംപസിലെ ആര്‍ട്സ് ക്ലബ് സെക്രട്ടറിയും ഗായകനുമായിരുന്ന രാജന്‍റെ ഓര്‍മയ്ക്കായാണ് 1977ല്‍ അഖില കേരള രാജന്‍ മെമ്മോറിയല്‍ സംഗീതോല്‍സവം സംഘടിപ്പിച്ചത്.
1987ല്‍ ഇത് രാഗം ഫെസ്റ്റായി മാറി. കഴിഞ്ഞവര്‍ഷം ഫെസ്റ്റ് നടത്താന്‍ കോളജ് അധികൃതര്‍ സമ്മതിച്ചില്ല. ഇത്തവണ രാജന്‍റെ ഓര്‍മകള്‍ ഉള്‍പ്പെടുത്തി ടീസര്‍ തയാറാക്കിയെങ്കിലും അത് പിന്‍വലിക്കണമെന്ന് ഡയറക്ടര്‍ ആവശ്യപ്പെടുകയായിരുന്നു. നക്സല്‍ ബന്ധത്തിന്‍റെ പേരില്‍ കസ്റ്റഡിയിലാക്കപ്പെട്ട രാജനുമായി രാഗത്തെ ബന്ധപ്പെടുത്തേണ്ടെന്നാണ് ഡയറക്ടറുടെ നിലപാട്. കഴിഞ്ഞവര്‍ഷവും രാജന്‍റെ പേരില്‍ ഫെസ്റ്റ് നടത്താന്‍ പാടില്ലെന്ന് നിര്‍ദേശം വച്ചതോടെയാണ് രാഗം നടക്കാതെ പോയത്.