കോഴിക്കോട് കക്കയത്തെ ഹൈഡല്‍ ടൂറിസം സെന്‍റര്‍ പ്രതിസന്ധിയില്‍. നൂറു കണക്കിന് സഞ്ചാരികള്‍ വന്നു കൊണ്ടിരുന്ന പ്രദേശം ഇപ്പോള്‍ ആളും അനക്കവുമില്ലാത്ത അവസ്ഥയിലാണ്. ടൗണില്‍ നിന്ന് 14 കിലോമീറ്റര്‍ താണ്ടിയെത്തുന്നവര്‍ക്ക് ചായ കുടിക്കാന്‍ ഒരു കടപോലുമില്ല ഇവിടെ.
മലബാറിന്റ ഊട്ടിയെന്നാണ് കക്കയത്തെ വിളിക്കുന്നത്. പക്ഷെ ഊട്ടി പ്രതീക്ഷിച്ചെത്തുന്നവര്‍ക്ക് അത്ര സുഖകരമല്ല ഹൈഡല്‍ ടൂറിസം സെന്ററിലെ കാഴ്ചകള്‍. പത്തു വര്‍ഷം മുന്‍പ് എങ്ങനെയാണോ അതേപടി തന്നെയാണ് ഇത് ഇപ്പോഴും നില്ക്കുന്നത് വേണ്ട രീതിയില്‍ ഉള്ള സൗകര്യങ്ങള്‍ ഇവിടെ ഇല്ല.
കക്കയം ടൗണില്‍ നിന്ന് 14 കിലോമീറ്റര്‍ സഞ്ചരിക്കണം ഇവിടെയെത്താന്‍. പക്ഷെ ഇവിടെയെത്തുന്നവര്‍ക്ക് ഒരു ചായകുടിക്കാന്‍ പോലും സംവിധാനമില്ല. ഉണ്ടായിരുന്ന ഭക്ഷണശാല അടച്ചുപൂട്ടി.സെക്യൂരിറ്റിയായി കൂടുതല്‍ തുക അധികൃതര്‍ ആവശ്യപ്പെടുന്നതുകാരണം പലരും കരാറെടുക്കാനും തയാറല്ല. മതിയായ പാര്‍ക്കിങ് സൗകര്യം ഇല്ലാത്തതും പ്രതിസന്ധിയാണ്.
ബോട്ട് യാത്ര ഉണ്ടെങ്കിലും രണ്ട് ബോട്ടില്‍ ഒരെണ്ണം മാത്രമേ ഓടാവുന്ന സ്ഥിതിയിലുള്ളു. പ്രദേശത്ത് അടിക്കടിയുണ്ടാകുന്ന കാട്ടുപോത്തിന്റ ആക്രമണവും പലരും കക്കയത്തെ ഉപേക്ഷിക്കാന്‍ കാരണമായി. സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാഴ്ചകള്‍ ഒരുക്കിയും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചും മുഖഛായ മാറ്റിയില്ലെങ്കില്‍ അവധിക്കാലത്തുപോലും കക്കയത്തേക്ക് ആളെത്തില്ല.