കോഴിക്കോട് മലാപ്പറമ്പ് മേല്‍പ്പാലത്തിന്‍റെ പണി പൂര്‍ത്തിയാക്കി പരീക്ഷണാടിസ്ഥാനത്തില്‍ തുറന്നു. വെങ്ങളം– രാമനാട്ടുകര ദേശീയപാത ബൈപ്പാസ് നവീകരണത്തിന്‍റെ ഭാഗമായി നിര്‍മിച്ച പാലത്തിന്‍റെ മിനുക്കുപണികള്‍ രണ്ട് ദിവസത്തിനകം പൂര്‍ണമായി തീര്‍ക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതോടെ മേഖലയിലെ ഗതാഗതകുരുക്കിന് ഒരു പരിധി വരെ പരിഹാരമാകും.
ഇനിയിപ്പോള്‍ മലാപ്പറമ്പ് ജംഗ്ഷനിലെത്തി ഇങ്ങനെ ചുറ്റണ്ട. കോഴിക്കോട് നിന്ന് നേരെ പാലം കടന്ന് വയനാട് റോഡിലേക്കെത്താം. രാമനാട്ടുകര വെങ്ങളം ദേശീയപാത ആറുവരിയായി നവീകരിച്ചതോടെയാണ് മേല്‍പ്പാലം നിര്‍മിച്ചത്. മൂന്ന് മാസം കൊണ്ടാണ് പാലത്തിന്‍റെ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയത്. അപ്രോച്ച് റോഡിന്‍റെ ബാക്കിയുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ മെയ് പത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ദേശീയപാതാ അതോറിറ്റി. 40 മീറ്റര്‍ വീതിയില്‍ 27 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മിച്ചത്. ഓവര്‍പാസിന്‍റെ 22 അടി താഴ്ച്ചയിലൂടെ 6 വരി ദേശീയപാത കടന്നുപോവും. നിര്‍മാണം പൂര്‍ത്തിയാകുന്നത് വരെ വയനാട് ഭാഗത്ത് നിന്നുള്ള വലിയ വാഹനങ്ങള്‍ വെള്ളിമാടുകുന്നില്‍ നിന്ന് ഇരിങ്ങാടന്‍ പള്ളി വഴി ദേശീയപാതയില്‍ കയറണം. കുറച്ചുദിവസത്തേയ്ക്ക് മാത്രമാണ് നിയന്ത്രണം.