കോഴിക്കോട് മാനാഞ്ചിറയിലെ നടപ്പാതയില്‍ പ്രവര്‍ത്തിക്കുന്ന തെരുവുകച്ചവടക്കാരെ കോര്‍പ്പറേഷന്‍ ഒഴിപ്പിച്ചു. മനുഷ്യാവകാശ കമ്മിഷന്‍റെ ഉത്തരവിനെ തുടര്‍ന്നാണ് പൊലിസിന്‍റെ സഹായത്തോടെ കോര്‍പ്പറേഷന്‍ നടപടി. സുരേഷ് കുമാര്‍ അടക്കമുള്ള അഞ്ച് കച്ചവടക്കാരെയാണ് നടപ്പാതയില്‍ നിന്ന് ഒഴിപ്പിച്ചത്. കടകള്‍ ഒഴിപ്പിക്കുന്ന കാര്യത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവ് അക്ഷരം പ്രതി നടപ്പാക്കിയ പൊലിസും കോര്‍പ്പറേഷനും ഇവര്‍ക്ക് കച്ചവടത്തിനായി പകരം സ്ഥലം കണ്ടെത്തണമെന്ന നിര്‍ദേശം കണ്ട ഭാവം നടിച്ചിട്ടില്ല.
അനധികൃത കച്ചവടം നീക്കം ചെയ്യണമെന്ന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിനെതിരെ തെരുവ് കച്ചവട നിയന്ത്രണ കമ്മറ്റി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഇവര്‍ കച്ചവടം തുടരുകയും ചെയ്തു. എന്നാല്‍ ഇതിനെതിരെ വീണ്ടും കമ്മിഷന്‍ രംഗത്തെത്തി. ഉത്തരവ് നടപ്പാക്കത്തതിന് കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് കമ്മീഷന്‍ വിശദീകരണം തേടി. തുടര്‍ന്നാണ് കോര്‍പ്പറേഷന്‍റെ അടിയന്തര ഇടപെടല്‍. പകരം സംവിധാനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ കോര്‍പ്പറേഷനെതിരെ പ്രക്ഷേഭത്തിലേയ്ക്ക് നീങ്ങാനാണ് തെരുവ് കച്ചവടക്കാരുടെ ആലോചന. ഈ മാസം 29ന് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഈ കേസ് വീണ്ടും പരിഗണിക്കും.