കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര നടപ്പിലാകുമ്പോള്‍ മലബാറുകാര്‍ അല്‍പ്പം നിരാശയിലാണ്. വേണ്ടത്ര കെഎസ്ആര്‍ടിസി ബസുകള്‍ ഇല്ലാത്തതിനാല്‍ വടക്കന്‍ കേരളത്തില്‍ ഉള്ളവര്‍ക്ക് സൗജന്യ യാത്രാ പ്രഖ്യാപനം വേണ്ട പോലെ ഗുണം ചെയ്യില്ല.
കാസര്‍കോട് മുതല്‍ പാലക്കാട് വരെ ആകെയുള്ളത് 1406 ബസുകളാണ്. തിരുവനന്തപുരം മേഖലയില്‍ മാത്രം 1498 ബസുകളുണ്ടെന്ന് ഓര്‍ക്കണം. ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന മലപ്പുറത്തിന് എത്ര ബസുകളുണ്ടെന്ന് അറിയുമോ. വെറും 173. സൗജന്യയാത്ര പ്രഖ്യാപനത്തില്‍ സന്തോഷമുണ്ടെങ്കിലും ബസുകളുടെ കുറവ് യാത്രക്കാരില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ചിലരാകട്ടെ പദ്ധതി നടപ്പാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും പാതി സംശയത്തിലാണ്. അതായത് വടക്കന്‍ കേരളത്തിലെ വനിതാ യാത്രക്കാരില്‍ നല്ലൊരു ശതമാനത്തിനും സൗജന്യയാത്രാ സൗകര്യം പേരിന് മാത്രമേ കിട്ടൂ. പറഞ്ഞത് നടത്തുമെന്ന് എപ്പോഴും പറയുന്ന മുഖ്യമന്ത്രി എത്രയും വേഗം മലബാറിലെ ബസുകളുടെ എണ്ണം കൂട്ടാന്‍ തയ്യാറാകണമെന്നാണ് വനിതായാത്രക്കാരുടെ അഭിപ്രായം.