മഴ കനത്തതോടെ മലപ്പുറം പൊന്നാനി ,വെളിയംകോട്, പാലപ്പെട്ടി മേഖലകളില്‍ കടലാക്രമണത്തില്‍ അന്‍പതിലേറെ വീടുകളില്‍ വെളളം കയറി. പുതുപ്പൊന്നാനി മുതല്‍ കാപ്പിരിക്കാട് വരെയുളള കടല്‍ഭിത്തി നിര്‍മിക്കാത്ത പ്രദേശങ്ങളിലാണ് കടലാക്രമണം ശക്തമായി തുടരുന്നത്.
വെളിയംകോട് പത്തുമുറി, തണ്ണിത്തുറ , അജ്മേര്‍ നഗര്‍ ഭാഗങ്ങളിലെ വീടുകളിലേക്കാണ് വെളളം ഇരച്ചു കയറിയത്. 30 കുടുംബങ്ങളെ നേരത്തെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ബാക്കിയുളള കുടുംബങ്ങളേയും വൈകിട്ടോടെ മാറ്റാനായി.
പുതുപ്പൊന്നാനി അഴിമുഖം മുതല്‍ പാലപ്പെട്ടി കാപ്പിരിക്കാട് വരേയുളള ഭാഗത്തെ കടല്‍ഭിത്തി വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുകയാണ്. പകരം പുതിയ കടല്‍ഭിത്തി നിര്‍മാണം അനിശ്ചിതമായി നീണ്ടുപോവുകയാണ്. കടലാക്രമണത്തിന്‍റെ കാരണം കടല്‍ഭിത്തിയില്ലാത്തതാണന്ന് നാട്ടുകാര്‍ പറയുന്നു. പാലപ്പെട്ടി–അജ്മേര്‍ നഗര്‍ റോഡും കടലാക്രമണത്തില്‍ തകര്‍ന്നു.