renjith-help

TOPICS COVERED

മലപ്പുറം വണ്ടൂരിനടുത്ത് മേലേകോഴിപ്പറമ്പിലെ രഞ്ജിത്ത് കഴിഞ്ഞ 13 മാസമായി ജോലിക്കിടെയുണ്ടായ അപകടത്തില്‍ പരുക്കേറ്റ് അരക്കു താഴെ തളര്‍ന്ന് കിടപ്പിലാണ്. ശസ്ത്രക്രിയക്കിടെയുണ്ടായ വലിയ മുറിവ് മാസങ്ങള്‍ കഴിഞ്ഞിട്ടും ഉണങ്ങിയിട്ടില്ല. വിദഗ്ധ ചികില്‍സ ലഭിച്ചാല്‍ ഈ 32കാരന് നടക്കാനാവുമെന്നാണ് പ്രതീക്ഷ. സുമനസുകളുടെ സഹായത്തിലാണ് രജ്ഞിത്തിന്‍റേയും 6 മാസം പ്രായമായ കുഞ്ഞടങ്ങുന്ന കുടുംബത്തിന്‍റെയും പ്രതീക്ഷ.

 

കഠിനാധ്വാനിയായിരുന്ന രഞ്ജിത്തിന്‍റെ ഈ നിസഹായത  കാണുന്നവരെയെല്ലാം വേദനിപ്പിക്കുകയാണ്. അച്ഛനും അമ്മയും ചെറുപ്പത്തില്‍ മരിച്ചതോടെ  ആറാംക്ലാസ് മുതല്‍ നാട്ടില്‍ പത്രവിതരണക്കാരുന്നു. ഭിന്നശേഷിക്കാരിയക്കം 2 സഹോദരിമാരുടെ ആശ്രയമായിരുന്നു. പ്ലസ്ടു കഴിഞ്ഞപ്പോള്‍ കൂലിപ്പണിക്കുപോയി. പെയിന്‍റിങ് ജോലിക്കിടെ ലിഫ്റ്റ് സ്ഥാപിക്കാനുളള വിടവിലൂടെ താഴേക്ക് വീണാണ് അരയ്ക്കു താഴെ തളര്‍ന്നത്. മികച്ച ചികില്‍സ ലഭിച്ചാല്‍ രഞ്ജിത്തിന് പതിയെ നടന്നു തുടങ്ങാനാവുമെന്നാണ് വിദഗ്ധ ഡോക്ടര്‍മാരുടെ പ്രതീക്ഷ.

വിവാഹം നടന്ന് രണ്ട് മാസം കഴിഞ്ഞപ്പോഴാണ് അപകടമുണ്ടായത്. ഭാര്യ ലതക്കും ആറു മാസം പ്രായമായ മകള്‍ക്കുമൊപ്പം സഹോദരിയുടെ വീട്ടിലാണ് താമസം. ശസ്ത്രക്രിയയുടെ ഭാഗമായി ശരീരത്തിന്‍റെ പിന്‍ഭാഗത്ത് രൂപപ്പെട്ട വലിയ മുറിവ് മാസങ്ങള്‍ കഴിഞ്ഞിട്ടും ഉണങ്ങുന്നില്ല.

വീട്ടുവേലകള്‍ ചെയ്ത് കുടുംബം നോക്കിയിരുന്ന സഹോദരി രമ്യക്ക് രഞ്ജിത്തിനെ പരിചരിക്കാനുളളതുകൊണ്ട് ജോലിക്ക് പോവാനുമാവുന്നില്ല. 

സഹോദരിക്കും കാര്യമായ വരുമാനമില്ല. സുമനസുകള്‍ കനിഞ്ഞാല്‍ രഞ്ജിത്തിന് വിദഗ്ധ ചികില്‍സ ഉറപ്പാക്കാം. അതിലൂടെ പഴയ രഞ്ജിത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.