മലപ്പുറം കുറ്റിപ്പുറത്തു ഭാരതപുഴയിലെ ജലസംഭരണം ലക്ഷ്യമിട്ട് നിർമ്മിച്ച കാങ്കക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിലേക്ക് നഗരത്തിലെ മലിനജലം ഒഴുകിയെത്തുന്നതായി നാട്ടുകാരുടെ പരാതി. പലതവണ പരാതിപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നിലെന്നും ആക്ഷേപം. 

മലപ്പുറം പാലക്കാട് ജില്ലകളിലേക്കുള്ള ജലവിതരണത്തിനായാണ് റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കുന്നത്. ഈ മാസത്തോടെ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. 102 കോടി രൂപ ചിലവഴിച്ചാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. എന്നാൽ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ജലസംഭരണ ഭാഗത്തേക്ക്‌ ഒഴുകിയെത്തുന്ന ഓവുചാലാണിത്. സ്വകാര്യ വ്യക്തിയുടെ ഭൂമിയിലൂടെ 30 വർഷം മുൻപ് പഞ്ചായത്ത് നിർമ്മിച്ചത്. റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണം ആരംഭിച്ച് ഒന്നര വർഷം പിന്നിട്ടെങ്കിലും അഴുക്കുചാൽ മാറ്റി സ്ഥാപിക്കുന്നതിനെക്കുറിച്ച് ഭരണസമിതിയിൽ ഇതുവരെ ചർച്ച വന്നിട്ടില്ല എന്നാണ് നാട്ടുകാർ പറയുന്നത്. 

മലിനജലം ഒഴുകിയെത്തുന്നതിനു സമീപം ഹൈസ്കൂൾ കടവിലാണ് നാലു പഞ്ചായത്തുകളിലേക്കും കോട്ടയ്ക്കൽ നഗരസഭയിലേക്കുമുള്ള ജലജീവന്‍ മിഷൻ പദ്ധതിയുടെ കിണർ നിർമ്മിക്കുന്നത്. ഈ അഴുക്കുച്ചാൽ മൂടാൻ ഇനിയും വൈകിയാൽ ശുദ്ധജലവിതരണ പദ്ധതി താളം തെറ്റും. പ്രശ്നത്തിനു ഉടൻ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ENGLISH SUMMARY:

Residents complain that sewage from the city is flowing into Regulator Cum Bridge