മലപ്പുറം മഞ്ചേരി ജനറൽ ആശുപത്രി ഇല്ലാതാക്കാൻ നീക്കം നടത്തുന്നുവെന്ന് ആക്ഷേപം . കുറഞ്ഞ വിലയ്ക്ക് ഭൂമി ലഭ്യമായിട്ടും ഉയർന്ന വിലയ്ക്ക് ഭൂമി ഏറ്റെടുക്കാൻ ശ്രമം നടത്തുന്നുവെന്നാണ് ആരോപണം. ജനറൽ ആശുപത്രി ഇതേ സ്ഥലത്ത് നിലനിർത്തി മെഡിക്കൽ കോളേജ് മാറ്റി സ്ഥാപിക്കണം എന്നാണ് ആവശ്യം. മഞ്ചേരി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽപോലും അന്നും ഇന്നും വേണ്ടത്ര സൗകര്യങ്ങളില്ല. 2013 ൽ ജില്ലയ്ക്ക് മെഡിക്കൽ കോളേജിനു അനുമതി ലഭിച്ചപ്പോൾ ജനറൽ ആശുപത്രിയോട് ചേർന്ന് നിർമാണം പൂർത്തിയായ മാതൃശിശു ആശുപത്രിയുടെ കെട്ടിടങ്ങൾ ഉപയോഗിച്ചാണ് താത്കാലികമായി മെഡിക്കൽ കോളേജ് ആരഭിച്ചത്. ജനറൽ ആശുപത്രി മെഡിക്കൽ കോളേജ് ആക്കിയതോടെ ജില്ലയിൽ ജനറൽ ആശുപത്രിയുടെ സേവനങ്ങൾ നഷ്ടപ്പെട്ടു എന്നാണ് ഉയരുന്ന പരാതി.
നിലവിലെ ആശുപത്രി ജനറൽ ആശുപത്രിയായി നിലനിർത്തിക്കൊണ്ട് കൂടുതൽ സ്ഥലം ഏറ്റെടുത്ത് മെഡിക്കൽ കോളേജ് മാറ്റി സ്ഥാപിക്കണമെന്നാണ് പൊതുവായ ആവശ്യം. കേരളത്തിലെ മറ്റു പല സർക്കാർ മെഡിക്കൽ കോളേജുകൾക്കും 100 ഏക്കർ വരെ ഭൂമിയുള്ളപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജിലെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പോലും വർഷങ്ങൾ പിന്നിട്ടിട്ടും പൂർത്തിയാകാത്തതിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ആവശ്യത്തിന് ഡിപ്പാർട്ട്മെന്റുകളും ഡോക്ടർമാരും മറ്റു ജീവനക്കാരും ഇല്ലാതെ ബുദ്ധിമുട്ടുകയാണ് മഞ്ചേരി മെഡിക്കൽ കോളേജ്. മെച്ചപ്പെട്ട പദ്ധതികൾ നടപ്പാക്കി സ്റ്റാഫ് പറ്റേൺ നവീകരിക്കുകയും സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തില്ലെങ്കിൽ ഭാവിയിൽ ജില്ലാ ആശുപത്രി ഇല്ലാതാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.